താനൂര്‍ കസ്റ്റഡി കൊലപാതകം: കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. 

High Court direction to produce case diary and investigation progress report tanur custodial death sts

മലപ്പുറം: മലപ്പുറം താനൂരിലെ കസ്റ്റഡി കൊലപാതകത്തില്‍ കേസ് ഡയറി ഹാജരാക്കാൻ  ഹൈക്കോടതി നിർദേശം നല്‍കി. കേസിലെ ഇത് വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടും  സെപ്റ്റംബർ 7ന്  ഹാജരാക്കണം. മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. താനൂരില്‍ കസ്റ്റഡി കൊലപാതകത്തിനിരയായ താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

താനൂർ കസ്റ്റ‍ഡി മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി താമിർ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലായ മൻസൂറിന്റെ പിതാവ് അബൂബക്കർ രംഗത്ത് വന്നിരുന്നു. മൻസൂറിന്റെ പോക്കറ്റിൽ ലഹരിമരുന്ന് പൊലീസ് വച്ചതാണെന്ന് ഇദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ ജയിലിൽ മൻസൂറിനെ ഇരുപതോളം പൊലീസുകാർ ചേർന്ന് മർദിച്ചു. മൻസൂറിന്റെ ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. താമിറിനെ മർദിക്കുന്നത് കണ്ടതായി മൻസൂർ മൊഴി നൽകിയിരുന്നു. ക്രൈം ബ്രാഞ്ചിനോട് സത്യം  പറഞ്ഞതിന്റെ പേരിലാണ് മർദിച്ചതെന്ന് കരുതുന്നു. മൻസൂറിന്റെ മൊഴിമാറ്റാൻ പോലീസ് സമ്മർദമുണ്ടായെന്നും പിതാവ് അബൂബക്കർ ആരോപിക്കുന്നു. 

അതേ സമയം, താനൂരിലെ കസ്റ്റഡി മരണത്തിൽ താൻ തയ്യാറാക്കിയ പോസ്റ്റ്മോ ർട്ടം റിപ്പോർട്ടിൽ പൂർണ്ണബോധ്യമുണ്ടെന്ന് ഡോ ഹിതേഷ് ശങ്കർ പറഞ്ഞു. സത്യസന്ധമായി ജോലി ചെയ്യാൻ പൊലീസ് അനുവദിക്കില്ലെന്നാണോയെന്നും അതോ തന്റെ വായടപ്പിക്കാനാണോ ആരോപണമെന്നും അദ്ദേഹം ചോദിച്ചു. താനൂരിലെ കസ്റ്റഡി മരണത്തിൽ തനിക്കെതിരായ പൊലീസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് നേരത്തെ ഡോ ഹിതേഷ് ശങ്കർ പറഞ്ഞിരുന്നു.

സയന്റിഫിക്ക് റിപ്പോർട്ട് വന്നാലേ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകാവൂ എന്നില്ലെന്നും പോസ്റ്റ്മോർട്ടം പരിശോധന ശാസ്ത്രീയമാണെന്നും ഡോക്ടർക്ക് തോന്നുന്നത് എഴുതിച്ചേർക്കാൻ കഴിയില്ലെന്നും ഹിതേഷ് ശങ്കർ പറഞ്ഞു. താൻ മാത്രമല്ല മറ്റ് 3 ഡോക്ടർമാരും കൂടെ ചേർന്നാണ് പോസ്റ്റ്മാർട്ടം നടത്തിയതെന്നും ഡോ ഹിതേഷ് ശങ്കർ പറഞ്ഞു.

മൃതദേഹത്തിലെ പരിക്കുകൾ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് കാണിച്ചു കൊടുത്തിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ എല്ലാം വീഡിയോയിൽ പകർത്തിയതാണ്. റിപ്പോർട്ടിൽ തെറ്റുണ്ടെങ്കിൽ നേരിട്ട് ചോദിക്കണമെന്നും അല്ലാതെ മാധ്യമങ്ങളിലൂടെ ആരോപണമുന്നയിക്കുകയല്ല വേണ്ടതെന്നും ഡോ ഹിതേഷ് ശങ്കർ പറഞ്ഞു. എന്റെ ഈ റിപ്പോർട്ട് അവിശ്വസിക്കുമ്പോൾ ഞാൻ ചെയ്ത 5000 ലധികം പോസ്റ്റ്മോർട്ടം എന്ത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രതിക്കനുസരിച്ച് റിപ്പോർട്ട് തയാറാക്കുന്ന രീതി എനിക്കില്ലെന്നും വിലകുറഞ്ഞ ആരോപണങ്ങൾ ഉയർത്തി ഡോക്ടർമാരെ സമ്മർദ്ദത്തിലാക്കിയാൽ എങ്ങനെ നീതി നടപ്പാക്കുമെന്നും വിവാദം അനാവശ്യമാണെന്നും ഡോ ഹിതേഷ് ശങ്കർ കൂട്ടിച്ചേര്‍ത്തു. 

കെ.എം ബഷീറിന്റെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയിൽ തിരിച്ചടി

 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios