'ഈ മാസം 20നകം മുഴുവൻ ശമ്പളവും നൽകണം, ഇല്ലെങ്കില്‍ വിശദീകരണം നല്‍കണം'; ksrtc ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആർടിസി എങ്ങനെയാണ്  പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

High Court criticizes KSRTC on salary distribution sts

തിരുവനന്തപുരം:  കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഈ മാസം 20 നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. സർക്കാർ ധനസഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആർടിസി അറിയിച്ചു. മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആർടിസി എങ്ങനെയാണ്  പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന്  കെഎസ്ആർടിസി വിശദീകരിച്ചു.

Read More: കെഎസ്ആർടിസി ബസിൽ യാത്രക്കാർക്കിടയിലൂടെ എലി, ബോഡി പൊളിച്ച് പരിശോധിക്കാന്‍ നിർദ്ദേശം

അതേ സമയം, കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ രംഗത്തെത്തി.. ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാൻ അവധി ചോദിച്ചായിരുന്നു കെഎസ്ആര്‍ടിസി ഡ്രൈവർ അജുവിന്‍റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ചത്. കുടുംബം പോറ്റാൻ നിവൃത്തിയില്ലാതെയാണ് അവധിക്കപേക്ഷിച്ചതെന്ന് ഡ്രൈവർ എം സി അജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല. ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, ശമ്പളം മുടങ്ങിയതിൽ ധനവകുപ്പിനെ പഴിക്കുകയാണ് മന്ത്രി ആന്റണി  രാജു. സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം നീളാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി, സര്‍ക്കാര്‍ നല്‍കിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നല്‍കുന്നത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗ‍ഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നിട്ടും പലകുറി ഇത് പാളി. മൂന്ന് മാസം മുമ്പ് വരെ 50 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കി. ഈ മാസം ഇതുവരെ ശമ്പളം നല്‍കിയിട്ടുമില്ല. 

കഴിഞ്ഞ വര്‍ഷവും സമാനമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വൈകിയിരുന്നു. ഓണത്തിനുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് മാനേജ്മെന്‍റ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. രണ്ട് മാസത്തെ പെന്‍ഷനും കൊടുത്ത് തീര്‍ക്കാനുണ്ട്. കെഎസ്ആര്‍ടിസിയും ധന, സഹകരണ വകുപ്പുകളും തമ്മിലുള്ള കരാര്‍ പ്രകാരമാണ് നിലവില്‍ പെന്‍ഷന്‍ നല്‍കിവരുന്നത്. ജൂണിലാണ് പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നത്. ഇത് വൈകിയതാണ് പെന്‍ഷനും മുടങ്ങാന്‍ കാരണം.

കീശ കീറുമോ? കെഎസ്ആർടിസിയിൽ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും; വര്‍ധനവ് ഇങ്ങനെ

 

Latest Videos
Follow Us:
Download App:
  • android
  • ios