കുസാറ്റ് ദുരന്തം: 'പൊലീസ് അന്വേഷണം തുടരുന്നതല്ലേ നല്ലത്? റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്തോ?'; ഹൈക്കോടതി
അതേസമയം ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണെന്ന് മുൻ പ്രിൻസിപ്പാൾ ദിപക് കുമാർ സാഹു ഹൈക്കോടതിയെ അറിയിച്ചു.
കൊച്ചി: കുസാറ്റ് ദുരന്തത്തിൽ നിലവിലുള്ള പോലീസ് അന്വേഷണം തുടരുന്നതല്ലെ നല്ലതെന്ന് ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴാണ് പരാമർശം. പോലീസ് റിപ്പോർട്ടിൽ പരാമർശിച്ച പ്രതികളെ അറസ്റ്റ് ചെയ്തോ എന്നും കോടതി സർക്കാറിനോട് ആരാഞ്ഞു. അതേസമയം ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണെന്ന് മുൻ പ്രിൻസിപ്പാൾ ദിപക് കുമാർ സാഹു ഹൈക്കോടതിയെ അറിയിച്ചു. ടെക് ഫെസ്റ്റിന് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് റജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നതായും എന്നാൽ ഇത് അവഗണിക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി. താൻ അടക്കം മൂന്ന് അധ്യാപകരെ ബലിയാടാക്കി റജിസ്ട്രാറെ സംരക്ഷിക്കാനാണ് ശ്രമമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അധ്യാപകരുടെ ഭാഗത്ത് നിന്ന് അശ്രദ്ധ ഉണ്ടായെന്ന് സർക്കാർ കോടതിയെ അറയിച്ചു.
ഓഡിറ്റോറിയത്തിൽ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്നായിരുന്നു പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആയിരം പേർക്ക് പങ്കെടുക്കാനാകുന്ന ഓഡിറ്റോറിയത്തിൽ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തി.
പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുൻകൂട്ടി കാണാൻ സംഘാടകർക്ക് സാധിച്ചില്ല. ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിർമ്മാണത്തിലെ അപാകതയും അപകടത്തിന് കാരണമായതായി തൃക്കാക്കര അസി. കമ്മീഷണർ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ വിമര്‍ശിക്കുന്നുണ്ട്. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നൽകിയ ഹർജിയിലാണ്, പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹർജി നൽകിയത്. പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പാൾ നൽകിയ കത്ത് രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിന്റെ കാരണമെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. സർവകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാർഗനിർദേശങ്ങൾ റജിസ്ട്രാർ അവഗണിച്ചെന്നും ഹർജിയിൽ പറയുന്നു.