ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് സർക്കാർ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി; 'പൂർണരൂപം എസ്ഐടിക്ക് നൽകണം'

പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കുവെന്നും ഹൈക്കോടതി വ്യക്തമാക്കി

hema committee report latest news high court special bench heavily criticized state government for not taking action suddenly, orders to handover full report to sit

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കുവെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും ഓഡിയോ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമാണെങ്കില്‍ അത് ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നിർമാതാവ് സ‍ജിമോൻ പാറയിൽ നൽകിയ അപ്പീൽ ഹ‍ർജിക്ക് നിലവിൽ പ്രസക്തിയില്ലെന്ന് എ ജി ഹൈക്കോടതിയെ അറിയിച്ചു.  എന്നാൽ ഹർജിയിൽ ഉന്നയിച്ച നിയമ വശങ്ങൾ പരിശോധിക്കപ്പെടേണ്ടതല്ലെ എന്ന് കോടതി തിരിച്ചു ചോദിച്ചു.രഹസ്യസ്വഭാവമുള്ളവ പ്രസിദ്ധീകരിക്കാൻ വിവരാവകാശ കമ്മീഷനാകുമോയെന്നും കോടതി ചോദിച്ചു.

ഐസിസി നടപ്പാക്കാത്ത സിനിമ യൂണിറ്റുകള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷനും ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്  സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്.  ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹ‍ർജികളാണ് പ്രത്യേക ബെഞ്ചിന്  മുന്നിലുളളത്.

സര്‍ക്കാരാണ് ആദ്യം നടപടി എടുക്കേണ്ടിയിരുന്നതെന്ന് കോടതി

റിപ്പോര്‍ട്ടിൽ ഇതുവരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ചോദിച്ചുകൊണ്ടാണ് ഹൈക്കോടതി പ്രത്യേക ബെഞ്ച് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുവെന്നും 23 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്നും പരാതികളില്‍ മാത്രമല്ല, വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലും നിയമ നടപടി തുടങ്ങിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായി എജി അറിയിച്ചു. എന്നാല്‍, ഇത്രയും കാലം എന്തുകൊണ്ട് സര്‍ക്കാര്‍ മൗനം പാലിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നേരത്തെ കിട്ടിയതല്ലെയെന്നും ഹൈക്കോടതി ചോദിച്ചു. അത് പ്രസിദ്ധപ്പെടുത്തണമെന്ന് പറയുന്നില്ല. റിപ്പോര്‍ട്ടിൽ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കാമായിരുന്നല്ലോയെന്നും കോടതി നിരീക്ഷിച്ചു.

വർഷങ്ങൾക്ക് മുമ്പ് തന്നെ റിപ്പോര്‍ട്ട് കിട്ടിയിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന് കോടതി ചോദിച്ചു. രഹസ്യാത്മകത എന്നത് ശരി തന്നെ. പക്ഷേ സമൂഹത്തിലെ ഒരു പ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാധ്യത സർക്കാരിനില്ലെയെന്നും കോടതി ചോദിച്ചു. വർഷങ്ങൾക്കുമുമ്പ് തന്നെ റിപ്പോർട് കിട്ടിയിട്ടും സർക്കാർ ചെറുവരലെങ്കിലും അനക്കിയോ എന്ന് കോടതി തുറന്നടിച്ചു.  സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായിരുന്നു കമ്മിറ്റിയെ നിയോഗിച്ചതെന്നായിരുന്നു എജിയുടെ മറുപടി.

കേരളത്തിൽ സ്ത്രീകൾ എന്ന് ന്യൂനപക്ഷമല്ലെന്നും ഭൂരിപക്ഷമാണെന്നും അവര്‍ക്ക് ഒരു പ്രശ്നം വന്നാല്‍ ഉടനടി നടപടിയെടുക്കാൻ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും സിനിമ മേഖലയിലെ പ്രശ്നമായി മാത്രം ഇതിനെ കാണാനാകില്ലെന്നും സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നമായി സർക്കാർ റിപ്പോർട്ടിനെ കാണണമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നും അതിനാണ് രാജ്യത്ത് നിയമങ്ങൾ ഉളളത്, അതിനനുസരിച്ചാണ് സർക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടതെന്ന് കോടതി പറഞ്ഞു.


സംസ്ഥാന ഡിജിപിയുടെ മുന്നിൽ റിപ്പോർട്ട് ഉണ്ടായിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് രഹസ്യാത്മകത സൂക്ഷിക്കണമെന്ന് റിപ്പോർട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു സര്‍ക്കാരിന്‍റെ മറുപടി. സര്‍ക്കാരാണ് ആദ്യം നടപടി എടുക്കേണ്ടിയിരുന്നത്. പരാതിക്കാർ വരുമോ വരാതെ ഇരിക്കുകയോ ചെയ്യട്ടെ എന്ന് കോടതി വ്യക്തമാക്കി.


മാധ്യമ വിചാരണ പാടില്ല

അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ മീ‍ഡിയ ബ്രീഫിങ് പാടില്ലെന്നും രഹസ്യാത്മകത സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പരാതിക്കാരുടെയോ പ്രതികളുടെയോ വിവരങ്ങൾ പുറത്തുവിടരുത്. മാധ്യമവിചാരണ പാടില്ല. മൊഴി നൽകിയവർക്ക് പരാതി ഇല്ല എങ്കിൽ അന്വേഷണം അവസാനിപ്പിക്കാമല്ലോ എന്നും കോടതി ചോദിച്ചു.

മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അതിനായി പ്രത്യേക ഉത്തരവിറക്കേണ്ടതില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ചില ഹര്‍ജികളിലെ തെറ്റുകള്‍ ചൂണ്ടികാണിക്കുന്ന ഹര്‍ജികള്‍ പ്രശസ്തിക്കുവേണ്ടി മാത്രമുള്ളതാണെന്ന് എജി ഹൈകോടതി അറിയിച്ചു. അടുത്ത തവണ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും എസ്ഐടിക്കും സര്‍ക്കാരിനും മറുപടി നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പികെ ശശി ചെയ്തത് നീചമായ പ്രവൃത്തി, പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയാക്കി; രൂക്ഷ വിമർശനവുമായി എംവി ഗോവിന്ദൻ

മലപ്പുറത്തെ വിഷ്ണുജിത്തിനെ കാണാതായിട്ട് 6 ദിവസം; ഫോൺ ഒരുതവണ ഓണായി, ഊട്ടി കുനൂർ കേന്ദ്രീകരിച്ച് അന്വേഷണം

 

 

Latest Videos
Follow Us:
Download App:
  • android
  • ios