അതീവ ശ്രദ്ധ വേണം, കാലാവസ്ഥാ അറിയിപ്പ്; ചക്രവാതചുഴിയുടെ സ്വാധീനം, കേരളത്തിൽ മഴ അതിശക്തം, മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ ഒരു ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം : ചക്രവാതചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ മഴ അതിശക്തമായി. തമിഴ് നാടിന് മുകളിൽ കേരളത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. കേരളത്തിൽ ഇന്നും നാളെയും (നവംബർ 23 -24) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേ സമയം, ബംഗാൾ ഉൾക്കടലിൽ ഒരു ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. നവംബർ 25 ഓടെ തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ചക്രവാതചുഴി നവംബർ 26 ഓടെ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 27 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ട
ജാഗ്രത വേണം, മന്ത്രിയുടെ മുന്നറിയിപ്പ്
തെക്കൻ കേരളത്തിൽ രാത്രിയിൽ മഴ കനത്ത് പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തം. മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. വെള്ളമുയർന്നതോടെ, നാല് അണക്കെട്ടുകൾ തുറന്നു. ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജൻ അറിയിച്ചു. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണം. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. നാളെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ. കല്ലാർകുട്ടി അണക്കെട്ട് കൂടി തുറക്കും. കക്കി, പമ്പ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഇല്ല. ശബരിമല തീർത്ഥാടന കാലമായതിനാൽ പാതയിൽ പ്രത്യേക ശ്രദ്ധ നൽകും. അവധി ഉണ്ടെങ്കിൽ തലേ ദിവസം തന്നെ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.