07:34 PM (IST) Jul 20

എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് റവന്യൂമന്ത്രി

സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ സർക്കാർ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിശദമായ വാർത്ത ഇവിടെ വായിക്കാം.

07:32 PM (IST) Jul 20

കാസർകോട് കുമ്പളയിൽ പാലം തകർന്നു

കനത്ത മഴയിൽ കാസർഗോ‍ഡ് കുമ്പളയിൽ പാലം തകർന്നു. ബംബ്രാണ കൊടിയമ്മ തോടിന് കുറുകെയുള്ള പാലമാണ് തകർന്നത്. കുമ്പളയിൽ നിന്നും കൊടിയമ്മയിലേക്കുള്ള റോഡാണിത്. ഈ റോഡിലൂടെ ബസടക്കം നിരവധി വാഹനങ്ങൾ സ്ഥിരമായി പോകാറുണ്ട്. സ്കൂൾ ബസും സർവീസ് നടത്തുന്നുണ്ട്.

07:30 PM (IST) Jul 20

ജൂലൈ 25 വരെ ഖനന പ്രവർത്തനങ്ങൾ നിർത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ

ജൂലൈ 25 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. 
ജില്ലയില്‍ 22-ന് റെഡ് അലര്‍ട്ട് ഉള്ള സാഹചര്യത്തിലാണിത്. ദുരന്തപ്രതിരോധ - നിവാരണപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

07:29 PM (IST) Jul 20

പമ്പ, കക്കാട്ട് പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ പമ്പ നദിയിലും കക്കാട്ട് ആറിലും ജലനിരപ്പ് ഉയരാൻ സാധ്യത. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ.

07:28 PM (IST) Jul 20

കാസർകോട്ട് കരിന്തളത്ത് ചെറു ഉരുൾപൊട്ടൽ

കാസർഗോഡ് കരിന്തളം വില്ലേജിൽ പെരിയങ്ങാനം ചാമുണ്ഡിക്കാവിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചെറു ഉരുൾപൊട്ടൽ. കാര്യമായ നാശനഷ്ടങ്ങളില്ല.

07:25 PM (IST) Jul 20

കോട്ടയത്ത് ആൽമരം മറിഞ്ഞു വീണ് വൃദ്ധയ്ക്ക് പരിക്ക്

കോട്ടയം മുണ്ടക്കയം വെള്ളനാടി കൊടുകപ്പലം ക്ഷേത്രത്തിലെ ആൽമരം മറിഞ്ഞ് വീണ് വയോധികയ്ക്ക് പരിക്കേറ്റു. വീട് പൂർണമായും തകർന്നു. പാറയ്ക്കൽ സുകുമാരന്റെ ഭാര്യ സരോജിനിക്കാണ് (75) പരിക്കേറ്റത്. സംഭവ സമയത്ത് ഇവർ രണ്ട് പേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 100 വർഷത്തിന് മേൽ പഴക്കമുള്ള വൻആൽമരമാണ് കടപുഴകി വീണത്.

07:23 PM (IST) Jul 20

വിവിധ ജില്ലകളിൽ പുതുക്കിയ 'റെഡ്', 'ഓറഞ്ച്' അലർട്ടുകൾ

07:21 PM (IST) Jul 20

ആലപ്പുഴയിൽ കടലാക്രമണം രൂക്ഷം, രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

ആലപ്പുഴ ജില്ലയിൽ രൂക്ഷമായ കടലാക്രമണം. ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആറാട്ടുപുഴയിലും കാട്ടൂരുമാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്. രണ്ടിടത്തുമായി 25 കുടുംബങ്ങളിലെ 99 പേരാണുള്ളത്. ആറാട്ടുപുഴ ജി.പി.എൽ.പി.സ്കൂളിൽ 10 കുടുംബങ്ങളിലെ 43 പേരുണ്ട്. കാട്ടൂർ ലൊയോള ഹാളിൽ 15 കുടുംബങ്ങളിലെ 56 പേരുണ്ട്.

07:19 PM (IST) Jul 20

കേരള തീരത്ത് ഉയർന്ന തിരമാല ആഞ്ഞടിക്കാൻ സാധ്യത

21/07/ 2019 - രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. 

07:17 PM (IST) Jul 20

പത്തനംതിട്ടയിൽ കനത്ത മഴ, പമ്പയിലിറങ്ങുന്ന തീർത്ഥാടകർക്ക് ജാഗ്രതാ നിർദേശം

പത്തനംതിട്ട ജില്ലയിൽ മഴ തുടരുന്നു. ജില്ലയിലെ പമ്പ ഉൾപ്പടെയുള്ള പ്രധാന നദികളിലെ ജലനിരപ്പ് ഉയർന്നു. പമ്പയിൽ കുളിക്കാൻ ഇറങ്ങുന്ന തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

07:14 PM (IST) Jul 20

കൊല്ലം ശക്തികുളങ്ങരയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

കൊല്ലം ശക്തിക്കുളങ്ങര ഭാ​ഗത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നുപേർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. രാജു, ജോൺ ബോസ്കൊ, സഹായരാജു എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ ശക്തമാക്കിയത്. വള്ളത്തിലുണ്ടായിരുന്ന തമിഴ്നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിൻ എന്നിവർ നീന്തി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ട സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള സാഗര മാതാ എന്ന ബോട്ടാണ് മറിഞ്ഞത്. തകർന്ന വള്ളം നീണ്ടകരയിൽ തീരത്ത് അടിഞ്ഞിട്ടുണ്ട്.

07:11 PM (IST) Jul 20

വിഴിഞ്ഞം തീരത്ത് ആശ്വാസം: കാണാതായ നാല് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി

വിഴിഞ്ഞത്ത് ആഴക്കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി കരയ്ക്കെത്തി. പുല്ലുവിള സ്വദേശികളായ യേശുദാസന്‍, ആന്‍റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരാണ് തിരിച്ചെത്തിയത്.

വിശദമായ വാർത്തയും വീഡിയോയും ഇവിടെ.

07:10 PM (IST) Jul 20

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് രമേശ് ചെന്നിത്തല

വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

വാർത്ത ഇവിടെ വായിക്കാം

07:08 PM (IST) Jul 20

മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു, ഉമ്മൻചാണ്ടി വിഴിഞ്ഞത്ത്

വിഴിഞ്ഞത്തുനിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു. തെരച്ചില്‍ നടപടികള്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ പ്രതിഷേധം തുടങ്ങി.

വാർത്ത ഇവിടെ വായിക്കാം.

07:05 PM (IST) Jul 20

തൃശ്ശൂരിൽ കനത്ത മഴയിൽ വീടും കിണറും ഇടിഞ്ഞു താഴ്‍ന്നു, പരിഭ്രാന്തി

ചിറ്റിലപ്പള്ളിയിൽ കനത്ത മഴയെത്തുടർന്ന് വീട് മണ്ണിൽ ഇടിഞ്ഞു താഴ്‍ന്ന നിലയിൽ. ചിറ്റിലപ്പള്ളി സ്വദേശി കോരുത്തുകര ഹരിദാസിന്‍റെ വീടിന്‍റെ പിന്നിലെ കിണറും ഇടിഞ്ഞു താഴ്‍ന്നിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ വീടിന്‍റെ പിൻഭാഗം പൂർണമായി മണ്ണിൽത്താഴുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. 

വാർത്തയും ചിത്രങ്ങളും ഇവിടെ കാണാം.

07:03 PM (IST) Jul 20

കനത്ത മഴ: കാസർകോട്ട് 'റെഡ്' അലർട്ട്, ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി.

വാർത്ത ഇവിടെ വായിക്കാം

07:02 PM (IST) Jul 20

കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

വിഴിഞ്ഞത്ത് നിന്നും കൊല്ലത്ത് നിന്നും കാണാതായ ഏഴ് മത്സ്യത്തൊഴിലാളികൾക്കായി ആശങ്കയോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങൾ. ഇന്നലെ രാത്രി നിർത്തിവെച്ച തിരച്ചിൽ ഇന്ന് വീണ്ടും തുടരുകയാണ്.

വിശദമായി വാർത്ത വായിക്കാം.

07:00 PM (IST) Jul 20

സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ എന്തൊക്കെ?

റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.

സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഇവിടെ വായിക്കാം.

06:59 PM (IST) Jul 20

എന്താണ് ഓറഞ്ച് അലർട്ട്?

'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

06:58 PM (IST) Jul 20

എന്താണ് റെഡ് അലർട്ട്?

'റെഡ്' അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (മണിക്കൂറിൽ 204 mm-ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക, ക്യാമ്പുകൾ തയ്യാറാക്കുന്നതുൾപ്പടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നിവയാണ് 'റെഡ്' അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.