കോട്ടയത്തെ കിഴക്കൻ മേഖലയിൽ കനത്ത മഴ: മൂന്നിലവിലും കാഞ്ഞിരപ്പള്ളിയിലും അതീവ ജാഗ്രത
ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം.
കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിലവിൽ വെള്ളം കയറിയ നിലയിലാണ്. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കണ്‍ട്രോൾ റൂമുകൾ തുറന്നു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തും.ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം.
കനത്ത മഴയും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാവിലെ 7 വരെ കർശന ഗതാഗത നിയന്ത്രണം ഉണ്ടാവും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചക്കുകയും. വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തു..
മൂന്നിലവ് ചക്കിക്കാവിൽ മലവെള്ളപാച്ചിലിൽ റോഡ് തകർന്നതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ വിനോദ സഞ്ചാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇല്ലിക്കൽ കല്ല് സന്ദർശിക്കാനെത്തിയ പതിനഞ്ചിലധികം പേരെ രക്ഷപ്പെടുത്തി മേച്ചിൽ സിഎസ്ഐ പള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്.
കോട്ടയം ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു.
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ
0481 2565400, 2566300, 9446562236, 9188610017.
താലൂക്ക് കൺട്രോൾ റൂമുകൾ
മീനച്ചിൽ - 04822 212325,
ചങ്ങനാശേരി - 0481 2420037,
കോട്ടയം - 0481 2568007, 2565007,
കാഞ്ഞിരപ്പള്ളി - 04828 202331,
വൈക്കം - 04829 231331.
പത്തനംതിട്ട കൊല്ലമുളയിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൊല്ലമുള്ള സ്വദേശി അദ്വൈത് (22) ആണ് മരിച്ചത്. പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട അദ്വൈതിനെ പുറത്തെടുത്ത് മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഫയർഫോഴ്സിന്റെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്വൈതും സുഹുത്തും കൂടിയാണ് തോട്ടിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ട സുഹൃത്ത് കരയ്ക്ക് കേറിയെങ്കിലും അദ്വൈത് ഒഴുകി പോകുകയായിരുന്നു.
പത്തനംതിട്ട കൊക്കാത്തോട് നെല്ലിക്കാപാറയിൽ തോട് കര കവിഞ്ഞു. ഇതു വഴി പോയ ഒരു ശക്തിയേറിയ ഒഴുക്കിൽപ്പെട്ടെങ്കിലും ഡ്രൈവറെ രക്ഷപ്പെടുത്തി. കാർ ഒഴുകി പോകാതിരിക്കാൻ നാട്ടുകാര്‍ വടം കൊണ്ട് കെട്ടി നിർത്തിയിരിക്കുകയാണ്. പത്തനംതിട്ട ളാഹയിൽ തീവ്രമഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഉണ്ടായത്. മൂന്ന് മണിക്കൂറിൽ 122 മി. മി മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.
അതിശക്തമായ മഴയെ തുടർന്ന് ഗവി - കക്കി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പത്തനംതിട്ട കൊച്ചാണ്ടി ഫോറസ്ററ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേയ്ക്കുള്ള സന്ദർശകരുടെ പ്രവേശനം താത്കാലികമായി നിർത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
കനത്തമഴയിൽ ഈരാറ്റുപേട്ട -തൊടുപുഴ റോഡിലെ ഇടമറുകിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. തലനാട് ചമപ്പാറയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തീക്കോയി - വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു.
തിരുവനന്തപുരം ജില്ലയിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുതന്നും കടലിന് സമീപം പോവുകയോ കടലിൽ ഇറങ്ങുകയോ ചെയ്യരുതന്നും രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും കളക്ടർ അറിയിച്ചു.