'ബെഡിൽ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നു'; ഉമ തോമസിനെ സന്ദര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ്
ഉമ തോമസ് എംഎൽഎയെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. എംഎൽഎയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് വീണ ജോർജ് അറിയിച്ചു.
കൊച്ചി: കൊച്ചിയിൽ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വി ഐ പി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. എംഎൽഎയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് വീണ ജോർജ് അറിയിച്ചു. ഉമ തോമസ് ബെഡിൽ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നെന്നും ഇൻഫെക്ഷൻ കൂടിയിട്ടില്ല എന്നത് വളരെ ആശ്വാസകരമാണെന്നും വീണ ജോർജ് പ്രതികരിച്ചു. അടുത്ത ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവിൽ തുടരും. മകനോട് നിയമസഭ സമ്മേളനത്തെ കുറിച്ച് എംഎൽഎ സംസാരിച്ചെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
അപകടമുണ്ടായി ആറ് ദിവസത്തിന് ശേഷം, ജനുവരി 5ന് ഉമാതോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണ് ഉമ തോമസ് നൽകുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഓർമകൾക്ക് മാറ്റമില്ലെന്നതും വലിയ ആശ്വാസമാണ് ഏവർക്കും പകരുന്നത്. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് തൃക്കാക്കര എം എൽ എ എന്നാണ് മെഡിക്കൽ സംഘം പറയുന്നത്. തലച്ചോറിനുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചോ? ഉണ്ടെങ്കിൽ അത് എങ്ങനെയാണ് എന്നതൊക്കെ പൂർണ്ണമായി മനസിലാക്കാൻ സമയമെടുക്കുമെന്നും മെഡിക്കൽ സംഘം വിവരിച്ചു. ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ തുടരുന്നുണ്ട്. സമയം എടുത്തെങ്കിലും സാധാരണ ജീവിതത്തിലേക്ക് ആരോഗ്യത്തോടെ ഉമ തോമസ് മടങ്ങി വരുമെന്നാണ് നിലവിലെ സൂചനകളിൽ നിന്നും മെഡിക്കൽ സംഘം നൽകുന്ന പ്രതീക്ഷ.