ഒമിക്രോൺ വകഭേദം: 'ആശങ്കപ്പെടേണ്ട സാഹചര്യമില്ല, കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചത്': ആരോഗ്യമന്ത്രി
കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണെന്നും കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത എന്നും വീണ ജോർജ് വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണെന്നും കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത എന്നും വീണ ജോർജ് വ്യക്തമാക്കി.
നവംബർ 18 ന് തിരുവനന്തപുരം കരകുളത്ത് നടത്തിയ പരിശോധനയിലാണ് ഒരാളിൽ ഈ വൈറസ് കണ്ടെത്തിയത്. ഐസിഎംആർ അംഗമായ വൈറസുകളെ പറ്റി പഠിക്കുന്ന കൺസോർഷ്യമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ INSACOG നടത്തിയ പഠനത്തിലാണ് കേരളത്തിൽ JN.1 വകഭേദം കണ്ടെത്തിയത്.
ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്. കേസുകൾ കുറഞ്ഞതോടെ രാജ്യത്ത് കൊവിഡ് വൈറസുകളുടെ ജനിതകവ്യതിയാനം പരിശോധിക്കുന്നതും കുറഞ്ഞിരുന്നു. ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ നല്ല ഒരു പങ്കും JN.1 വകഭേദമെന്നാണ് കണക്ക്.