Covid 19 Kerala : കൊവിഡ് പുതിയ വകഭേദങ്ങളില്ല; ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ്

ഇടക്കാലത്തിന് ശേഷം കൊവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസമാണ്

health minister veena george  says no new variants of covid in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്‍റെ പുതിയ വകഭേദങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നേരത്തെയുള്ള ഒമിക്രോണടക്കമുള്ള വകഭേദങ്ങൾ മാത്രമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇടക്കാലത്തിന് ശേഷം കൊവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നത് ആശ്വാസമാണ്. ദിനംപ്രതി കൊവിഡ് അവലോകനം നടത്തുന്നുണ്ടെന്നും ജാഗ്രതയിൽ കുറവ് വരുത്തിയിട്ടില്ലെന്നും അവർ വിശദീകരിച്ചു. കൊവിഡ് ആശുപത്രികളിൽ കിടക്കകൾ മാറ്റി വയ്ക്കാൻ നിർദ്ദേശം നല്കിയെന്ന് വിവരിച്ച മന്ത്രി എല്ലാവരും മൂന്നാം ഡോസ് വാക്സീൻ എടുക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

കൊവിഡിന്‍റെ പുതിയ ലക്ഷണങ്ങൾ എന്തൊക്കെ?

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ മൂവായിരം കടന്നിരുന്നു. എറണാകുളം ജില്ലയിലാണ് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായി തുടരുന്നത്. ഇവിടെ ആയിരം പുതിയ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോട്ടയം ജില്ലകളിലും കൊവിഡ് കേസുകൾ വ‍ർധിക്കുന്നുണ്ട്. ഫെബ്രുവരി 26ന് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യമായി കൊവിഡ് കേസുകൾ വീണ്ടും മൂവായിരത്തിന് മുകളിലെത്തിയത്. കൊവിഡ് കേസുകളിലെ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ആറ് ദിവസത്തേക്ക് പ്രത്യേക കരുതൽ ഡോസ് വാക്സീൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി പേരെ കൊണ്ട് കരുതൽ ഡോസ് വാക്സീൻ എടുപ്പിക്കുകയാണ് ലക്ഷ്യം. കിടപ്പ് രോഗികൾക്കും വീട്ടുപരിചരത്തിലുള്ള രോഗികൾക്കും യജ്ഞത്തിൻ്റെ ഭാഗമായി വീട്ടിലെത്തി വാക്സീൻ നൽകും. 

പതിനായിരം കടന്ന് കൊവിഡ് കേസുകൾ : 24 മണിക്കൂറിൽ രാജ്യത്ത് 12,213 പേർക്ക് രോഗബാധ

അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇന്നലെ രാവിലെ 9 മണി മുതൽ ഇന്ന് രാവിലെ 9 മണി വരെയുള്ള 24 മണിക്കൂറിനിടെ 12,213 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മൂന്ന് മാസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക് പോയത്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് പതിനായിരം കടന്നത്. കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്കുകളുമായി താരത്മ്യം ചെയ്യുമ്പോൾ 40 ശതമാനത്തിന്‍റെ വർധനയാണ് പ്രതിദിന കൊവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലും ദില്ലിയിലുമാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിട്ടുള്ളത്. മഹാരാഷ്ട്രയിൽ 36 ശതമാനവും ദില്ലിയിൽ 23 ശതമാനവും വർധനയാണ് പ്രതിദിന കണക്കിൽ ഉണ്ടായത്. കൊവിഡ് കേസുകൾ വർധിച്ചെങ്കിലും രണ്ടിടങ്ങളിലും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വർധനുണ്ടായിട്ടില്ല.

അതേസമയം കൊവിഡ് കേസുകളിലുണ്ടായ വർധന നാലാം തരംഗത്തിന്‍റെ സൂചനയായി കാണാനാവില്ലെന്നാണ് ഇപ്പോഴും ഐ സി എം ആറിന്‍റെ നിലപാട്. എന്നാൽ കൊവിഡ് കേസുകളിലുണ്ടായ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കരുതൽ ഡോസ് വാക്സീനേഷൻ തുടരാൻ ആണ് ആഹ്വാനം.

Latest Videos
Follow Us:
Download App:
  • android
  • ios