തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ ബിജു ആശുപത്രിയിലെത്താതിരുന്നതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വീട്ടില്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു.
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അത്യാഹിതവിഭാഗം ഹെഡ് നഴ്സ് മരിച്ച നിലയില്‍. തിങ്കളാഴ്ച കാണാതായ തിരുമല കുണ്ടമൻകടവ് സ്വദേശി ബിജു കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു ലോഡ്ജ് മുറിയിലാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
ആത്മഹത്യയാണെന്നാണ് നിഗമനം. ജോലിസമ്മര്‍ദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്.
തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ ബിജു ആശുപത്രിയിലെത്താതിരുന്നതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വീട്ടില്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ബിജു ഫോൺ വീട്ടില്‍ വച്ചാണ് പോയിരുന്നത്. ഇതോടെ ബിജുവിനെ ബന്ധപ്പെടാൻ വീട്ടുകാര്‍ക്കും സാധിക്കാത്ത അവസ്ഥയായി.
തുടര്‍ന്ന് ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. ബിജുവിന്‍റെ ഭാര്യ ശാലിനിയും തിരു. മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിൽ ഹെഡ് നഴ്സ് ആയി പ്രവർത്തിക്കുകയാണ്.
ജോലിസ്ഥലത്ത് നിന്നുള്ള മാനസിക സമ്മര്‍ദ്ദമാണ് ബിജുവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബവും നാട്ടുകാരുമെല്ലാം ആരോപിക്കുന്നത്. ഇതിന് ഉത്തരവാദികളായവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വൈകാതെ തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും.
Also Read:- ഫ്രിഡ്ജിനകത്ത് നിന്ന് തീ പടര്‍ന്നു; കോഴിക്കോട് മാവൂര്‍ റോഡില്‍ കടയില്‍ തീപ്പിടുത്തം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-