'താൻ ജോസ് കെ മാണിയുടെ മകനെന്ന് വാഹനമോടിച്ച യുവാവ് പറഞ്ഞു, ഒരു ബന്ധുവും വന്നു'; ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ
ജോസ് കെ മാണിയുടെ ഒരു ബന്ധു തൊട്ടുപിന്നാലെ സ്ഥലത്ത് എത്തിയിരുന്നു ജോമോൻ വ്യക്തമാക്കി.
കോട്ടയം : ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. വാഹനം അമിത വേഗതയിലായിരുന്നുവെന്നും അപകടം നടന്നതിന് പിന്നാലെ തന്നെ ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ച യുവാവ് പറഞ്ഞിരുന്നുവെന്നും ദൃക്സാക്ഷിയായ ജോമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ജോസ് കെ മാണിയുടെ ഒരു ബന്ധു തൊട്ടുപിന്നാലെ സ്ഥലത്ത് എത്തിയിരുന്നു ജോമോൻ വ്യക്തമാക്കി.
ദൃക്സാക്ഷി ജോമോന്റെ വാക്കുകൾ
''ഞാൻ സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. വണ്ടി പാളി മൂന്ന് പ്രാവശ്യം വട്ടംകറങ്ങി പോസ്റ്റിന് അടുത്തായി പോയി നിന്നു. ആ സമയത്താണ് ബൈക്കിൽ രണ്ട് പേർ വരുന്നത്. വാഹനമിടിച്ച് രണ്ട് പേരും നിലത്തേക്ക് വീണു. അപ്പോഴേക്കും ജോസ് കെ മാണിയുടെ ബന്ധു സ്ഥലത്തെത്തി. ഇപ്പോഴാണ് ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ചയാൾ പറഞ്ഞു''.
ജോസ് കെ മാണിയുടെ മകൻ പ്രതിയായ മണിമല വാഹനാപകടത്തിൽ കേസെടുത്ത പൊലീസ് കള്ളക്കളി നടത്തിയന്ന സംശയം ബലപ്പെടുന്ന വിവരങ്ങളാണ് ഒടുവിലായി പുറത്ത് വരുന്നത്. അപകടമുണ്ടായതിന് ശേഷം ആദ്യം തയാറാക്കിയ എഫ് ഐ ആറിൽ നിന്നും ജോസ് കെ മാണിയുടെ മകൻ കെഎം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കി. '45 വയസുള്ള' ആളെന്നുമാത്രമാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അപകടത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ജോസ് കെ മാണിയുടെ മകനെ കണ്ടിട്ടും ആദ്യ എഫ് ഐ ആറിൽ പേര് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്. അപകടം നടന്നയുടനെ ജോസിന്റെ മകന്റെ രക്തസാമ്പിൾ പരിശോധനയും നടത്തിയിട്ടില്ല.
ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകടം: പൊലീസ് കള്ളക്കളിയെന്ന് സംശയം, ആദ്യ എഫ്ഐആറിൽ പേരില്ല
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് ബൈക്ക് പിന്നില്‍ ഇടിച്ച് കയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കെഎം മാണി ജൂനിയറിനെ ഇന്നലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി.