ഹെൽത്ത് ഇൻസ്പെക്ടര്‍ പീഡിപ്പിച്ചെന്ന വ്യാജപരാതി: യുവതിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. വ്യാജപരാതി നല്‍കിയ യുവതിയുടെ നടപടി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന് ഹൈക്കോടതി ഉത്തരവിൽ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: വെള്ളറടയില്‍ ക്വാറന്‍റീനില്‍ കഴിയുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന് യുവതി വ്യാജപരാതി നൽകിയ സംഭവത്തിയ ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ പരാതിക്കാരിയായ യുവതിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. വ്യാജപരാതി നല്‍കിയ യുവതിയുടെ നടപടി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന് ഹൈക്കോടതി ഉത്തരവിൽ അഭിപ്രായപ്പെട്ടു. യുവതിയ്ക്കെതിരെ കേസെടുത്ത് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നൽകി.
ക്വാറൻ്റൈനിൽ കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഭരതന്നൂർ സ്വദേശിയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവർത്തകന്റെ വീട്ടിൽ പോയപ്പോഴായിരുന്നു പീഡനമെന്നാണ് യുവതിയുടെ മൊഴി. കുളത്തുപ്പുഴ സ്വദേശിയായ യുവതിയെ ആരോഗ്യ പ്രവർത്തകന്റെ ഭരതന്നൂരിലെ വീട്ടിൽ വച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണെന്നും പരാതിക്കാരിയായ യുവതി ഹൈക്കോടതിയിൽ പിന്നീട് സത്യവാങ്മൂലം നൽകി. സത്യവാങ്മൂലം പരിഗണിച്ച് പ്രതിക്ക് ജാമ്യം നൽകിയ കോടിയെ യുവതിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇവര്‍ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
കുളത്തൂപ്പുഴ പ്രാഥമികആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ ഭരതന്നൂരിലെ വീട്ടിൽ വച്ച് കുളത്തൂപ്പുഴ സ്വദേശിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. സെപ്റ്റംബർ മൂന്നിനാണ് പരാതിക്കാസ്പദമായ സംഭവം. നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവതി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് വേണ്ടിയായിരുന്നു പ്രദീപിനെ സമീപിച്ചത്. ഭരതന്നൂരിലെ വീട്ടിലെത്തിയാൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
സംഭവം ഏറെ വിവാദമായതിന് പിന്നാലെ പാങ്ങോട് പൊലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തു. റിമാന്റിൽ കഴിയുകയായിരുന്ന പ്രദീപ് കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി സത്യവാങ്മൂലം സമർപ്പിച്ചത്. പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതതോടെയാണ് ബന്ധപ്പെട്ടതെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്. യുവതിയുടെ വെളിപ്പെടുത്തലിനെ കുറിച്ചും മുൻ മൊഴിയിൽ നിന്നും പിന്മാറിയതിനെ കുറിച്ചും വിശദമായി അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് ഡിജിപി ആവശ്യപ്പെട്ടു.
യുവതിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും സസ്പെൻഷനിലായിരുന്ന പ്രദീപിനെ ആരോഗ്യവകുപ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ആരോഗ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പ്രദീപിനെ സസ്പെൻഡ് ചെയ്തത്. തുടർനടപടിയുടെ ഭാഗമായാണ് പിരിച്ചുവിട്ടത്.