'ഹര്‍ ഘര്‍ തിരംഗ' : 50 ലക്ഷം ത്രിവർണ പതാകകൾ നിർമിക്കാൻ കുടുംബശ്രീ
700 തയ്യൽ യൂണിറ്റുകളിലായി നാലായിരത്തോളം പേർ പതാക നിർമാണത്തിൽ പങ്കാളികളാകും എന്ന് കുടുംബശ്രീ
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്‍റെ ഭാഗമായുള്ള 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിനായി സംസ്ഥാനത്ത് 50 ലക്ഷം ത്രിവർണ പതാകകൾ നിർമിക്കും. 700 തയ്യൽ യൂണിറ്റുകളിലായി നാലായിരത്തോളം പേർ പതാക നിർമാണത്തിൽ പങ്കാളികളാകും എന്ന് കുടുംബശ്രീ വ്യക്തമാക്കി. പ്രതിദിനം മൂന്ന് ലക്ഷം പതാകകളാകും ഇത്തരത്തിൽ കുടുംബശ്രീ നിർമിക്കുക. ഈ പതാകകൾ പതാകകൾ സ്കൂളിലും സ്ഥാപനങ്ങളിലും എത്തിക്കും. 20 മുതൽ 120 രൂപ വരെ വില ഈടാക്കിയാകും വിൽപന. സ്വാതന്ത്ര്യത്തിന്‍റെ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീട്ടിലും പതാക ഉയർത്തും.
സ്കൂൾ വിദ്യാർത്ഥികൾ മുഖേനയാണ് പ്രധാനമായും പതാകകൾ വിതരണം ചെയ്യുക. സ്കൂൾ കുട്ടികൾ ഇല്ലാത്ത വീടുകളിൽ പതാക ഉയർത്താനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീയെ ഏൽപ്പിക്കണം. ആഗസ്റ്റ് 12 നുള്ളിൽ പതാകകൾ സ്കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.
'ഹർ ഘർ തിരംഗ': കുടുംബശ്രീ യൂണിറ്റുകളിലൂടെ കോഴിക്കോട് നിർമ്മിക്കുന്നത് രണ്ടരലക്ഷത്തോളം ത്രിവർണ പതാകകൾ
സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി, ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ദേശീയപതാക ഉയർത്തണമെന്നതായിരുന്നു നിർദേശം. സൈമൂഹികമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ദേശീയ പതാകയാക്കണമെന്നും മോദി ആവശ്യപ്പെട്ടു. ദേശീയ പതാക രൂപകൽപന ചെയ്ത പിംഗളി വെങ്കയ്യയയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ ഇത് നടപ്പിലാക്കാനായിരുന്നു ആഹ്വാനം. മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇക്കാര്യം ആവശ്യപ്പെട്ടത്.