ഗുരുവായൂരപ്പന്‍റെ 'ഥാർ' വീണ്ടും ലേലം ചെയ്യും; ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ഭരണസമിതി തീരുമാനം
ഥാർ' പുനർലേലം ചെയ്യുന്ന തീയതി മാധ്യമങ്ങൾ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി.
തൃശ്ശൂര്‍: മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച 'ഥാർ' ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. 'ഥാർ' പുനർലേലം ചെയ്യുന്ന തീയതി മാധ്യമങ്ങൾ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി.
നേരത്തെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഥാർ ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഡിസംബർ 18ന് നടന്ന ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുക്കാൻ എത്തിയത്. ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്‍റെ പ്രതിനിധി മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അമലിന്‍റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു. ലേലത്തിനെതിരെ ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാർ ലേലം നിയമപോരാട്ടത്തിലെത്തി. ഇരുകൂട്ടരേയും കേട്ട ശേഷമാണ് വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനം ഭരണ സമിതിയെടുത്തത്.
വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാന്റുള്ള എസ്‌യുവിയാണ്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ.
Also Read: ഗുരുവായൂരപ്പന് ഇനി സ്വന്തം 'ഥാർ'; കാണിക്ക സമർപ്പിച്ച് മഹീന്ദ്ര കമ്പനി
2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‍യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്. എത്തി ഒരുവര്‍ഷത്തിനിടെ വിപണിയില്‍ കുതിക്കുകയാണ് ഥാർ. വാഹനം ഇതുവരെ ബുക്ക് ചെയ്‍ത ഉപഭോക്താക്കളിൽ 40 ശതമാനം പേരും മിലേനിയൽസ് (1981നും 1996നും ഇടയിൽ ജനിച്ചവർ) ആണെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നു. ഇത് വരെ ഥാർ ബുക്ക് ചെയ്‍തവരിൽ 50 ശതമാനം പേർ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ബുക്ക് ചെയ്‍തിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല 25 ശതമാനത്തോളം പേർ തിരഞ്ഞെടുത്തിരിക്കുന്നത് പെട്രോൾ വേരിയന്റുകളാണെന്നും കമ്പനി പറയുന്നു.
2020ല്‍ നിരത്തില്‍ എത്തിയതിനു ശേഷം പുതിയ മഹീന്ദ്ര ഥാറിനെ തേടി 19 ലധികം അവാർഡുകളും എത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിൽക്കുന്ന ഫോർ വീൽ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാർ ആണ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ നാല് സ്റ്റാർ റേറ്റിങ്ങും മഹീന്ദ്ര ഥാർ നേടിയിട്ടുണ്ട്. Rs 12.78 ലക്ഷം മുതൽ 15.08 ലക്ഷം വരെയാണ് 2021 മഹീന്ദ്ര ഥാറിന്റെ നിലവിലെ എക്‌സ്-ഷോറൂം വില. 2020 ഓഗസ്റ്റ് 15നാണ് പുത്തൻ ഥാറിനെ മഹീന്ദ്ര അവതരിപ്പിച്ചത്. പിന്നാലെ ഒക്ടോബർ രണ്ടിന് രണ്ടാം തലമുറ ഥാറിന്റെ വില്പന ആരംഭിക്കുകയും ചെയ്‍തു. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മാനുവല്‍ ട്രാന്‍സ്‍മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.
ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം.