ടി.സിദ്ദീഖ് എംഎൽഎയുടെ സുരക്ഷ ചുമതലയുള്ള പൊലീസുകാരന് സസ്പെൻഷൻ
ഇന്നലെ കോൺഗ്രസ് പ്രതിഷേധറാലിക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരെ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ടി.സിദ്ധീഖിൻ്റെ ഗൺമാൻ സിബിനെ സസ്പെൻഡ് ചെയ്തത്.
കൽപ്പറ്റ: കോൺഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി.സിദ്ധീഖിൻ്റെ സുരക്ഷാ ചുമതലയുള്ള ഗൺമാനെ സസ്പെൻഡ് ചെയ്തു. ഇന്നലെ കോൺഗ്രസ് പ്രതിഷേധറാലിക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരെ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ടി.സിദ്ധീഖിൻ്റെ ഗൺമാൻ സിബിനെ സസ്പെൻഡ് ചെയ്തത്.
എംഎൽഎയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരൻ ഇന്നലെ കൽപറ്റ ടൗണിൽ നടന്ന കോൺഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചെന്ന സ്പെഷ്യൽ ബ്രാഞ്ചിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ആണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. സിബിൻ സംഘർഷത്തിനിടെ മറ്റു പൊലീസുകാരെ ആക്രമിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തുവെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.