ഗുണ്ടല്‍പേട്ട് അപകടം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ബൈക്കിൽ ലോറി ഇടിച്ചിട്ടും മുന്നോട്ട് പാഞ്ഞു
ബൈക്കിലിടിച്ചശേഷം ലോറി നിര്‍ത്താതെ മുന്നോട്ട് വേഗത്തില്‍ പോകുന്നതും നാട്ടുകാര്‍ ഉച്ചത്തിൽ വിളിച്ചുപറയുന്നതും ദൃശ്യങ്ങളിലുണ്ട്.
കല്‍പറ്റ:വയനാട് ജില്ലക്ക് സമീപമുള്ള കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി വന്ന് ഇടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കിലിടിച്ചശേഷം ലോറി നിര്‍ത്താതെ മുന്നോട്ട് വേഗത്തില്‍ പോകുന്നതും നാട്ടുകാര്‍ ഉച്ചത്തിൽ വിളിച്ചുപറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ബൈക്കിലുണ്ടായിരുന്ന സ്ത്രീയും കുട്ടിയും ലോറിയുടെ അടിയിൽ കുടുങ്ങിപോവുകയായിരുന്നു. ഇവരുടെ മുകളിലൂടെ ലോറിയുടെ മുൻടയറുകള്‍ കയറിയിറങ്ങുകയും ചെയ്തു. ലോറിയുടെ അടിയിൽ ആള് കുടുങ്ങിയിട്ടും ലോറി നിര്‍ത്താതെ അമിത വേഗതയില്‍ പോയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ലോറി ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. അപകടശേഷം മദ്യപിച്ച് ലക്കുകെട്ട് റോഡരികിൽ വീണുകിടക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങളും ഇന്നലെ പ്രചരിച്ചിരുന്നു. അപകടത്തിൽ വയനാട് സ്വദേശികളായ ഭാര്യയും ഭർത്താവും ആറു വയസ്സുകാരൻ കുഞ്ഞും മരിച്ചിരുന്നു.
വയനാട് പൂതാടി സ്വദേശി ധനേഷ് , ഭാര്യ അഞ്ജു , ആറ് വയസ്സുകാരൻ മകന്‍ ഇഷാൻ കൃഷണ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ പോയതായിരുന്നു കുടുംബം. ലോറി ഡ്രൈവർ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നുപേരുടെയും മൃതദേഹം വയനാട്ടിലെത്തിച്ചു.
അവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ പോയ മൂന്നംഗ മലയാളി കുടുംബം ലോറിയിടിച്ച് മരിച്ചു