കേസ് കെട്ടിച്ചമച്ചത്, പരാതിക്കാരില്ല, സാക്ഷികളും തെളിവുകളുമില്ല: ഗ്രോ വാസു കോടതിയിൽ
മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിലാണ് പ്രതിഷേധം നടത്തിയതെന്ന് ഗ്രോ വാസു കോടതിയോട് വ്യക്തമാക്കി
കൊച്ചി: തനിക്കെതിരായ കേസിൽ സാക്ഷികളെയും തെളിവുകളും ഹാജരാക്കാൻ ഇല്ലെന്ന് ഗ്രോ വാസു കോടതിയിൽ നിലപാടെടുത്തു. വഴി തടസ്സപ്പെടുത്തിയതിന് സാക്ഷികളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ അദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘം ചേർന്നതിന് അധികൃതർ പരാതി പോലും നൽകിയിട്ടില്ലെന്നും കോടതിയിൽ വ്യക്തമാക്കി.
വഴി തടസ്സം ചൂണ്ടിക്കാട്ടി ആരെങ്കിലും പരാതി നൽകിയോ എന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചു. കേസിൽ കോടതി നാളെ വിധി പറയും. അതിനിടെ മാവോയിസ്റ്റുകളെ കൊല്ലാൻ വേണ്ടി വെടിവച്ചതാണെന്നും ഏറ്റുമുട്ടലായിരുന്നെങ്കിൽ പൊലീസുകാർക്ക് പരിക്കേൽക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വാസു ചോദിച്ചു. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം കോടതിയിൽ പറഞ്ഞാൽ മതിയെന്ന് ഗ്രോ വാസുവിനോട് കോടതി ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിലാണ് പ്രതിഷേധം നടത്തിയതെന്ന് ഗ്രോ വാസു കോടതിയോട് വ്യക്തമാക്കി. മുദ്രാവാക്യം വിളിച്ചെന്ന് സമ്മതിച്ച അദ്ദേഹം മുദ്രാവാക്യം വിളിച്ചതിന് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പറഞ്ഞു. അജിതയ്ക്കും, കുപ്പു ദേവരാജിനും അഭിവാദ്യങ്ങളെന്ന് ഗ്രോ വാസു കോടതിയിൽ പറഞ്ഞു. മുദ്രാവാക്യം വിളിച്ചാണ് അദ്ദേഹം ഇന്ന് കോടതിയിൽ എത്തിയതും.