'നീറ്റ്-പിജി പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിൽ തന്നെ അനുവദിക്കും'; ജെ പി നദ്ദ ഉറപ്പ് നൽകിയെന്ന് രാജീവ് ചന്ദ്രശേഖർ
മലയാളി വിദ്യാര്‍ത്ഥികൾക്ക് കേരളത്തിലും അവരുടെ താമസ സ്ഥലത്തിന് അടുത്തും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നത് ഉറപ്പാക്കാൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജെ പി നദ്ദ ഉറപ്പ് നൽകിയതായി രാജീവ് ചന്ദ്രശേഖര്‍
ദില്ലി: കേരളത്തിലെ വിദ്യാർഥികൾക്ക് നീറ്റ്-പിജി പരീക്ഷയുടെ കേന്ദ്രങ്ങൾ അനുവദിച്ചത് വിദൂര സ്ഥലങ്ങളിലെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെ ഇടപെട്ട് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി രാജീവ് ചന്ദ്രശേഖര്‍ സംസാരിച്ചു.
മലയാളി വിദ്യാര്‍ത്ഥികൾക്ക് കേരളത്തിലും അവരുടെ താമസ സ്ഥലത്തിന് അടുത്തും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നത് ഉറപ്പാക്കാൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജെ പി നദ്ദ ഉറപ്പ് നൽകിയതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഓഗസ്റ്റ് 5 തിങ്കളാഴ്ചയ്ക്കകം വിദ്യാർത്ഥികൾക്ക് അറിയിപ്പ് ലഭിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കേരളത്തിലെ വിദ്യാർഥികൾക്ക് ആന്ധ്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ദില്ലിയിലെ വിദ്യാർഥികൾ പരീക്ഷയെഴുതാനായി ഉത്തർപ്രദേശിലും രാജസ്ഥാനിലും പോകണം. രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തിൽ നിന്ന് മാത്രം 25000ത്തോളം പേർ പരീക്ഷയെഴുതുന്നുണ്ട്.
അപേക്ഷാ സമയം പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനുള്ള നാല് ഓപ്ഷനാണുണ്ടായിരുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അപേക്ഷിക്കുമ്പോൾ കേരളത്തിലെ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള സമയം സാങ്കേതിക തകരാര്‍ കാരണം മിക്കവരും ആന്ധ്ര തെരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും പരീക്ഷാർഥികൾ പരാതി ഉന്നയിച്ചിരുന്നു.