നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ്: പി വി അൻവറിന് ജാമ്യം അനുവദിച്ചു, ഇന്ന് തന്നെ പുറത്തിറങ്ങും
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി.
നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. റിലീസിംഗ് ഓര്‍ഡര്‍ മെയിലായി ജയിലിലെത്തിയെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. പി വി അന്‍വര്‍ ഇന്ന് തന്നെ പുറത്തിറങ്ങും. എട്ട് മണിയോടെ പുറത്തിറങ്ങാനാകുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിധി സ്വാഗതാര്‍ഹമെന്നും ഇന്ന് തന്നെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിക്കുമെന്നും അന്‍വറിന്‍റെ സഹോദരന്‍ മുഹമ്മദ് റാഫി പ്രതികരിച്ചിരുന്നു. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചത്. മറ്റ് പ്രതികളെ കണ്ടെത്താൻ അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ വാദം കോടതി തള്ളി. അൻവർ ജനപ്രതിനിധി ആണെന്നും മണ്ഡലത്തിൽ സാന്നിദ്ധ്യം വേണമെന്നും പറഞ്ഞ കോടതി കസ്റ്റഡി ഇത് തടസപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി. സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടില്ല. ഗൂഡാലോചന ആരോപണവും കോടതി തള്ളി. ഗൂഢാലോചന ആരോപണം നിലനിൽക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഡിഎഫ്ഒ ഓഫീസിലെ അക്രമവും നഷ്ടങ്ങളും ജാമ്യം നിഷേധിക്കാൻ കാരണം അല്ലെന്നും കോടതി പറഞ്ഞു.
കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്‍പതിനായിരം രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപയുടെ ബോണ്ട് ബോണ്ട് തുക കോടതിയില്‍ കെട്ടിവയ്ക്കണം എന്നിവയാണ് ജാമ്യ ഉപാധികൾ. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാന കുറ്റക്യത്യത്തിൽ ഏർപ്പെടരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണമെന്നും ജാമ്യ ഉപാധിയിൽ പറയുന്നു.
ഇന്നലെ രാത്രി അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘം പി വി അൻവറിനെ അറസ്റ്റ് ചെയ്തത്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.