'ക്ഷേത്രസ്വത്ത് വഴിമാറ്റി ചെലവഴിക്കാനാവില്ല'; സര്‍ക്കാര്‍ പണം തിരികെ നല്‍കണമെന്ന് കുമ്മനം

ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേതുമാണെന്നും അതുകോണ്ട് ക്ഷേത്രേതര കാര്യങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നുമുള്ള ദേവസ്വം മാനേജിങ് കമ്മറ്റിയുടെ നിലപാട് ക്ഷേത്ര വിരുദ്ധവും ഭക്തജന ദ്രോഹവുമാണെന്നും കുമ്മനം

govt should return amount to guruvayoor devaswom board says kummanam

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ അഞ്ച് കോടി രൂപ സര്‍ക്കാര്‍ മടക്കി നല്‍കണമെന്ന് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേതുമാണെന്നും അതുകോണ്ട് ക്ഷേത്രേതര കാര്യങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നുമുള്ള ദേവസ്വം മാനേജിങ് കമ്മറ്റിയുടെ നിലപാട് ക്ഷേത്ര വിരുദ്ധവും ഭക്തജന ദ്രോഹവുമാണെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

ഗുരുവായൂർ ക്ഷേത്രം ഹിന്ദു ജനതയുടെ ആധ്യാത്മിക കേന്ദ്രവും പുണ്യ ആരാധനാലയവുമാണ്. ഇതിനെ മതേതര കേന്ദ്രമാക്കി സ്വത്തും വരുമാനവും ക്ഷേത്രത്തിന്റേതല്ലാത്ത പൊതു ആവശ്യങ്ങൾക്ക് ചെലവഴിക്കുന്നത് ക്ഷേത്ര സങ്കല്പത്തിന്റെയും ഭരണഘടനാദത്തമായ അവകാശ സ്വാതന്ത്ര്യങ്ങളുടേയും ലംഘനമായേ കാണാനാവൂ.

വിശ്വാസപൂർവ്വം വഴിപാടായും കാണിക്കയായും സമർപ്പിക്കുന്ന പണത്തിൽ ഭക്ത ജനങ്ങളുടെ വികാര വിശ്വാസ സങ്കല്പങ്ങളുണ്ട്. അത് ദേവസ്വം ഭരണാധികാരികൾക്ക് സ്വന്തം ഇഷ്ടമനുസരിച്ച് ഏത് കാര്യങ്ങൾക്കുവേണ്ടിയും ചെലവഴിക്കാനാവില്ല. ക്ഷേത്രത്തിൽ വിശ്വാസപൂർവ്വം സമർപ്പിച്ച പണത്തിന്റെ പലിശയായതുകൊണ്ട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൊടുക്കാമെന്ന ന്യായീകരണം ശുദ്ധാബദ്ധമാണ്. കൊവിഡ് ദുരിതാശ്വാസത്തോട് ഒരെതിർപ്പുമില്ല.

ആ ആവശ്യം നിറവേറ്റാൻ ഭക്തജനങ്ങളോട് ആവശ്യപ്പെട്ട് പ്രത്യേക ഫണ്ട് സ്വരൂപിക്കാൻ ദേവസ്വം അധികൃതർക്ക് സാധിക്കും. മറിച്ച് ഭക്തജനങ്ങൾ ഭഗവാന് വഴിപാടായി സമർപ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാൻ ദേവസ്വം അധികൃതർക്ക് അവകാശമില്ല. അഞ്ച് കോടി രൂപ ക്ഷേത്രത്തിന് സർക്കാർ മടക്കികൊടുക്കുകയോ അല്ലാത്തപക്ഷം മാനേജിങ് കമ്മറ്റി അംഗങ്ങൾ ക്ഷേത്രത്തിന് നഷ്ടം വന്ന തുക തിരിച്ചടക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നതായും കുമ്മനം പറഞ്ഞു. 

കുമ്മനത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേതുമാണെന്നും അതുകോണ്ട് ക്ഷേത്രേതര കാര്യങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നുമുള്ള ദേവസ്വം മാനേജിങ് കമ്മറ്റിയുടെ നിലപാട് ക്ഷേത്ര വിരുദ്ധവും ഭക്തജന ദ്രോഹവുമാണ്.

ഗുരുവായൂർ ക്ഷേത്രം ഹിന്ദു ജനതയുടെ ആദ്ധ്യാത്‌മിക കേന്ദ്രവും പുണ്യ ആരാധനാലയവുമാണ്. ഇതിനെ മതേതര കേന്ദ്രമാക്കി സ്വത്തും വരുമാനവും ക്ഷേത്രത്തിന്റേതല്ലാത്ത പൊതു ആവശ്യങ്ങൾക്ക് ചെലവഴിക്കുന്നത് ക്ഷേത്ര സങ്കല്പത്തിന്റെയും ഭരണഘടനാദത്തമായ അവകാശ സ്വാതന്ത്ര്യങ്ങളുടേയും ലംഘനമായേ കാണാനാവൂ. വിശ്വാസപൂർവ്വം വഴിപാടായും കാണിക്കയായും സമർപ്പിക്കുന്ന പണത്തിൽ ഭക്ത ജനങ്ങളുടെ വികാര വിശ്വാസ സങ്കല്പങ്ങളുണ്ട്. അത് ദേവസ്വം ഭരണാധികാരികൾക്ക് സ്വന്തം ഇഷ്ടമനുസരിച്ച് ഏത് കാര്യങ്ങൾക്കുവേണ്ടിയും ചെലവഴിക്കാനാവില്ല. ക്ഷേത്രത്തിൽ വിശ്വാസപൂർവ്വം സമർപ്പിച്ച പണത്തിന്റെ പലിശയായതുകൊണ്ട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൊടുക്കാമെന്ന ന്യായീകരണം ശുദ്ധാബദ്ധമാണ്.

ദേവസ്വം ഫണ്ടിന്റെ പലിശ , കെട്ടിട വാടക , നേരിട്ട് കിട്ടുന്നതും അല്ലാതുള്ളതുമായ വരുമാനങ്ങൾ , വിറ്റു കിട്ടുന്ന തുക തുടങ്ങിയവയെല്ലാം
ക്ഷേത്ര വരുമാനമാണ് , ക്ഷേത്ര സ്വത്താണ്. അത് ക്ഷേത്രാവശ്യങ്ങൾക്കല്ലാതെ മറ്റൊരു കാര്യത്തിനും വകമാറ്റി ചെലവഴിക്കാൻ പാടില്ല.

കോവിഡ് ദുരിതാശ്വാസത്തോട് ഒരെതിർപ്പുമില്ല. ആ ആവശ്യം നിറവേറ്റാൻ ഭക്തജനങ്ങളോട് ആവശ്യപ്പെട്ട് പ്രത്യേക ഫണ്ട് സ്വരൂപിക്കാൻ ദേവസ്വം അധികൃതർക്ക് സാധിക്കും. മറിച്ച് ഭക്തജനങ്ങൾ ഭഗവാന് വഴിപാടായി സമർപ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാൻ ദേവസ്വം അധികൃതർക്ക് അവകാശമില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് ദുരിതാശ്വാസത്തിന് പ്രത്യേകമായി സംഭരിച്ച തുകയിൽനിന്നാണ് ഒരു കോടി രൂപ നൽകിയത്.

ഗുരുവായൂർ ക്ഷേത്ര സ്വത്തും വരുമാനവും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് 2003 ൽ സുപ്രീം കോടതിയും 2008 ൽ ഹൈക്കോടതിയും അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ കോടതി വിധികളെ കാറ്റിൽ പറത്തിക്കൊണ്ടാണ് മാനേജിങ് കമ്മറ്റി 5 കോടി രൂപ കേരള സർക്കാരിന് നൽകിയത്. നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ ഭക്ത ജനങ്ങൾ രംഗത്തു വരണം. 5 കൊടി രൂപ ക്ഷേത്രത്തിന് സർക്കാർ മടക്കികൊടുക്കുകയോ അല്ലാത്തപക്ഷം മാനേജിങ് കമ്മറ്റി അംഗങ്ങൾ ക്ഷേത്രത്തിന് നഷ്ടം വന്ന തുക തിരിച്ചടക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios