'എം.ടിയുടെ വിയോഗം ഭാരതീയ സാഹിത്യത്തിനും തീരാനഷ്‌ടം'; അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
മലയാളത്തിൻ്റെ അതുല്യ പ്രതിഭ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: അന്തരിച്ച മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലയാള സാഹിത്യത്തെയും സിനിമയെയും പത്രപ്രവർത്തനത്തെയും ഒരുപോലെ സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ജ്ഞാനപീഠ സമ്മാനിതനായ എം ടി വാസുദേവൻ നായരെന്ന് അദ്ദേഹം അനുസ്മരിച്ചു.
ആധുനികതയുടെ ഭാവുകത്വത്തിനു ചേർന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരനായും ആ പ്രസ്ഥാനത്തിന്റെ വക്താക്കളായ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ച പത്രാധിപരായും മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് എംടി നൽകിയ സംഭാവന അതുല്യമാണ്. കേരളീയ സമൂഹഘടനയിൽ വന്ന മാറ്റത്തിന്റെ ഫലമായുള്ള മനുഷ്യജീവിതാനുഭവത്തെ ഇതിവൃത്തമാക്കിയ എംടി, സാഹിത്യത്തിലെയും ചലച്ചിത്രമേഖലയിലെയും ഏറ്റവും ജനപ്രിയനായ എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇക്കഴിഞ്ഞ 15 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നീർക്കെട്ട് കൂടി. ഇതിനിടയിൽ ഹൃദയാഘാതവും ഉണ്ടായി. എന്നാൽ നില മെച്ചപ്പെടുമെന്ന പ്രതീക്ഷ പിന്നീടുണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ യന്ത്ര സഹായമില്ലാതെ ശ്വസിക്കാൻ സാധിക്കുമായിരുന്നു. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലാവുകയും രാത്രി 10 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. എംടിയുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖം ആചരിക്കും. ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചിട്ടുണ്ട്. നാളെ വൈകിട്ട് നാല് വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്‌കരിക്കും.