സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുന്നെന്ന് ഗവർണർ; 'വിസി നിയമന ബിൽ രാഷ്ട്രപതി അംഗീകരിച്ചില്ല'
മുനമ്പം വഖഫ് ഭൂ പ്രശ്നത്തിൽ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സർക്കാർ വിസിമാരെ നിയമിക്കാത്തതിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമന ബില്ല് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ല. സർക്കാർ എന്തുകൊണ്ടാണ് വിസിമാരെ നിയമിക്കാത്തത്? വിസിമാരെ നിയമിച്ചുകഴിയുമ്പോൾ അത് നിയമപരമാണോയെന്ന് അറിയാമല്ലോ. കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാർ ഇല്ലാത്തതിനുള്ള കാരണം സർക്കാർ ഉണ്ടാക്കിയ തടസങ്ങളാണ്. രാഷ്ട്രീയ കാരണങ്ങളാൽ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പം വഖഫ് ഭൂ പ്രശ്നത്തിൽ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കി.