ഗവർണർ കേരള വിരുദ്ധനെന്ന് എ വിജയരാഘവൻ; ലിപ്സ്റ്റിക് പരാമർശം സ്നേഹം കൊണ്ട് നടത്തിയതെന്നും സിപിഎം പിബി അംഗം
കേരളത്തിനെതിരെ പ്രവർത്തിക്കുന്ന ഗവർണറെയും ഗവർണറെ വിമർശിക്കാത്ത പ്രതിപക്ഷത്തെയും തുറന്നുകാട്ടുമെന്ന് എ വിജയരാഘവൻ
തൃശ്ശൂർ: സംസ്ഥാന ഗവർണർ കേരള വിരുദ്ധനെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാ പരിധിയും വിട്ടുള്ള ആക്രമണമാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് നേരെ ഗവർണർ നടത്തുന്നത്. എത്രത്തോളം കേരള വിരുദ്ധനെന്ന് നിരന്തരം തെളിയിച്ചൊരു ഗവർണർ ആണ് കേരളത്തിലുള്ളത്. ഗവർണറുടെ നിലപാടിനെ വിമർശിക്കാത്ത പ്രതിപക്ഷവും കേരളത്തിൽ തുറന്നു കാട്ടപ്പെടും. മാധ്യമ പ്രവർത്തകർക്കു നേരെയുള്ള ലിപ്സ്റ്റിക്ക് പരാമർശം സ്നേഹം കൊണ്ട് നടത്തിയതാണ്. മാധ്യമപ്രവർത്തകർ പലതും എഴുതാറുണ്ട്, അപ്പോൾ തിരിച്ചും പറയുമെന്ന് പറഞ്ഞ വിജയരാഘവൻ വല്ലാതെ കാച്ചാൻ നിൽക്കേണ്ടെന്നും പറഞ്ഞു.
കേരളം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വലിയ പുരോഗതിയിലേക്ക് പോകുന്ന സാഹചര്യമാണെന്നും എന്നാൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണം വർധിക്കുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു. മികവിനെ അംഗീകരിക്കാത്ത പ്രതിപക്ഷ പ്രചാരണങ്ങളെ കേരളത്തിലെ ജനങ്ങൾ അപവാദ പ്രചരണങ്ങളായി മാത്രമാണ് കാണുന്നത്. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രതിപക്ഷം അസത്യ പ്രചരണങ്ങൾ തുടരുകയാണ്. പിവി അൻവർ രണ്ടുദിവസം മുമ്പ് ഗവർണറെ നിവേദനം നൽകിയതിന് പിന്നാലെയാണ് ഗവർണർ ആ പദവിയുടെ മാന്യത ഉൾക്കൊള്ളാതെ മുഖ്യമന്ത്രിക്ക് നേരെയുള്ള പ്രചാരവേലിയുടെ വക്താവായി മാറിയത്.