കണ്ണാശുപത്രി കൊവിഡ് കേന്ദ്രമാക്കി; സർക്കാർ മേഖലയിലെ കണ്ണ് ചികിത്സ പ്രതിസന്ധിയിൽ
മൂന്നാം തരംഗം മുന്നിൽ കണ്ടുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് മുഴുവൻ ചികിത്സ സൗകര്യമുള്ള ആശുപത്രി ഏറ്റെടുത്തതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
തിരുവനന്തപുരം: കണ്ണാശുപത്രി കൊവിഡ് കേന്ദ്രമാക്കിയതോടെ തിരുവനന്തപുരത്ത് സർക്കാർ മേഖലയിലെ കണ്ണ് ചികിത്സ പ്രതിസന്ധിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്ക് സൗജന്യ ചികിത്സ മുടങ്ങി. മൂന്നാം തരംഗം മുന്നിൽ കണ്ടുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് മുഴുവൻ ചികിത്സ സൗകര്യമുള്ള ആശുപത്രി ഏറ്റെടുത്തതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
കണ്ണാശുപത്രി കൊവിഡ് കേന്ദ്രമാക്കിയതോടെ നിരവധി രോഗികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഉള്ളൂർ സ്വദേശി ശശിധരൻ നായർക്ക് ഇടതു കണ്ണിന് കാഴ്ച തീരയില്ല. തിമിരം ബാധിച്ചതാണ്. ശസ്ത്രക്രിയ്ക്ക് ഈ മാസം തീയ്യതിയും കിട്ടി. അതിനിടെയാണ് കണ്ണാശുപത്രി കൊവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചത്. വൈകിയാൽ വലതു കണ്ണിന്റെ കാഴ്ചയും തകരാറിലാവും. സ്വകാര്യ ആശുപത്രിയിൽ പോകാമെന്ന് വച്ചാൽ ഭീമമായ തുക താങ്ങാനാവില്ല.
ശശിധരൻ നായരുടെ മാത്രം അവസ്ഥയല്ലിത്. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ഏറ്റവും മികച്ച ചികിത്സ നൽകുന്ന കണ്ണാശുപത്രിയെ മറ്റ് ജില്ലകളിലും കന്യാകുമാരിയിൽ നിന്നുമുള്ള ആയിരങ്ങളാണ് ആശ്രയിക്കുന്നത്. 140 കിടക്കയാണ് കൊവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. ബാക്കിയുള്ളത് 11 കിടക്ക മാത്രം. കൊവിഡിന് മുന്പ് ദിവസേന ശരാശരി മുപ്പത്തിയഞ്ച് ശസ്ത്രക്രിയ നടന്നിരുന്ന ആശുപത്രിയിയാണ്. അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകൾക്ക് മുടക്കമുണ്ടാവില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ബാക്കിയുള്ളവ മാറ്റിവയ്ക്കും. എന്നാൽ രോഗികൾ എന്നുവരെ കാത്തിരിക്കണമെന്നതിന് കൃത്യമായ മറുപടിയില്ല. ഓക്സിജൻ സൗകര്യമുള്ള അറുപത് കിടക്കയുൾപ്പടെയുള്ള സാധ്യത കണ്ടാണ് കണ്ണാശുപത്രി കൊവിഡ് ചികിത്സയ്ക്ക് ഏറ്റെടുത്തതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. തൊട്ടപ്പുറത്തുള്ള ജനറൽ ആശുപത്രി വളപ്പിൽ ഉപയോഗിക്കാതെ കിടക്കുന്ന എട്ട് നില കെട്ടിടമുണ്ട്. മെഡിക്കൽ കോളേജിനായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിർമ്മിച്ച കെട്ടിടം കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കാൻ ആരും ഇതുവരെ തയ്യാറായിട്ടില്ല. അപ്പോഴാണ് കണ്ണിന്റെ ചികിത്സയ്ക്ക് മാത്രമുള്ള സ്ഥാപനത്തെ കൊവിഡ് കേന്ദ്രമാക്കി രോഗികളെ പ്രതിസന്ധിയിലാക്കിയ നടപടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona