വണ്ടിപ്പെരിയാർ കേസ് പ്രതിയെ വെറുതെ വിട്ടതിനെതിരായ അപ്പീൽ; ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
അർജുനെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ. പ്രതിക്ക് കോടതി നോട്ടീസ് അയച്ചു.
കൊച്ചി : വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കട്ടപ്പന പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്. കേസിൽ പ്രതി അർജുനിന് നോട്ടീസ് അയച്ച കോടതി ഹർജി ഈ മാസം 29 ന് പരിഗണിക്കാൻ മാറ്റി. തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നത്.
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കേസിലെ പ്രതിയെ പ്രോസിക്യൂഷന് കേസ് തെളിയിക്കാനാകാതെ പോയതിനാൽ വെറുതെ വിടുകയായിരുന്നു. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല.
2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിലും വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.
പ്രോസിക്യൂഷന്‍റെ പത്തുപാളിച്ചകളാണ് വണ്ടിപ്പെരിയാർ കൊലപാതകക്കേസിന്‍റെ നട്ടെല്ലൊടിച്ചതെന്നാണ് വിധിന്യായത്തിലുണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ അലംഭാവവും ശാസ്ത്രീയ തെളിവുശേഖരണത്തിലെ പരാജയവും കേസിലുടനീളം പ്രകടമായി. തെളിവുശേഖരണത്തിലും കുറ്റകരമായ നിശബ്ദത പലഘട്ടങ്ങളിലും പ്രകടമാണെന്നും ഉത്തരവിലുണ്ടായിരുന്നു.
1. ശാസ്ത്രീയ തെളിവുശേഖരണം പരാജയപ്പെട്ടു.
2. അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയുണ്ടായി.
3. സംഭവസ്ഥലത്ത് കൃത്യമായ തെളിവ് ശേഖരണം നടന്നില്ല
4. ശാസ്ത്രീയ തെളിവുകൾക്കായി തൊണ്ടിമുതൽ കസ്റ്റഡിയിലെടുത്തത് ഏറെ വൈകി
5. ശാസ്ത്രീയ തെളിവുകൾ നശിക്കാതെ സൂക്ഷിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായി
6. സുപ്രധാന സാക്ഷിമൊഴികൾ പരസ്പരവിരുദ്ധമായി
7. സാഹചര്യത്തെളിവുകളെ ശാസ്ത്രീയ തെളിവുകൾ കൊണ്ട് വിശദീകരിക്കാനായില്ല
8. സംഭവസ്ഥത്തെ പ്രതിയുടെ സാന്നിധ്യം പോലെ കൃത്യമായി അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു
9. തെളിവുശേഖരൻത്തിലെ കുറ്റകരമായ അലംഭാവം തുടക്കം മുതൽ പ്രകടമാണ്
അർജുനെ വെറുതെ വിടേണ്ടവന്ന സാഹചര്യത്തെ കട്ടപ്പന മജിസ്ട്രേറ്റ് കോടതി വിധിന്യായത്തിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്
1. ശാസ്ത്രീയ തെളിവുശേഖരണം പരാജയപ്പെട്ടു. വിരലടയാള വിദഗ്ധനെക്കൊണ്ട് സംഭവസ്ഥലം പരിശോദിപ്പിച്ചില്ല. എന്തുകൊണ്ടു പരിശോധിച്ചില്ലെന്ന് പ്രോസിക്യൂഷന് മറുപടിയുമില്ല.
2. അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയുണ്ടായി. അസ്വോഭാവിക മരണമെന്നറിഞ്ഞിട്ടും സംഭവ സ്ഥലത്തെത്തിയത് പിറ്റേദിവസം ഉച്ചയ്ക്കാണ്
3. ദുരൂഹതയുടെ കെട്ടഴിയുംവരെ സംഭവ സ്ഥലത്തെ ഓരോ ഇഞ്ചും പരിശോധിച്ച് തെളിവുശേഖരണം നടത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ കടമയാണ്. ഇവിടെയതുണ്ടായില്ല.
4. പ്രാഥമിക തെളിവുശേഖരണം പോലും പരാജയപ്പെട്ടു. പെൺകുട്ടി കൊല്ലുപ്പെട്ട മുറിയിലെ തൊണ്ടിവസ്തുക്കൾ ദിവസങ്ങൾക്കുശേഷമാണ് ശേഖരിച്ചത്.
5. ശാസ്ത്രീയ തെളിവുകൾ നശിക്കാതെ സൂക്ഷിക്കുന്നതിലും കേസ് രേഖകളുടെ ഭാഗമാക്കുന്നതിലും പിഴവ് പറ്റി. ഇക്കാര്യത്തിലെ ജാഗ്രതക്കുറവ് തുടക്കം മുതൽ പ്രകടമാണ്.
6. സാക്ഷി മൊഴികൾ സംശയലേശമെന്യേ സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടു. ഒന്നാം സാക്ഷിയുടെ മൊഴി പോലും പരസ്പര വിരുദ്ധമായിപ്പോയി.
7. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ പ്രോസിക്യൂഷൻ ആശ്രയിച്ച സാഹചര്യത്തെളിവുകളെ കോടതിമുറിയിൽ സാക്ഷിമൊഴികൾ കൊണ്ടോ അനുബന്ധ ശാസ്ത്രീയ തെളിവുകൾ കൊണ്ടോ സ്ഥാപിക്കാനായില്ല. സംഭവങ്ങളെ ഒരു മാലപോലെ കൊരുത്ത് കോടതിമുറിയിൽ അവതരിപ്പിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ച് പ്രതിയെ കുറ്റക്കാരനെന്ന് വിധിക്കാനാകില്ല
8. സംഭവസ്ഥവത്തെ പ്രതിയുടെ സാന്നിധ്യം, കൃത്യം നടത്തിയ രീതി, ഇതിലൊന്നും പ്രോസിക്യൂഷന് കൃത്യമായി ഉത്തരമില്ല. കൃത്യത്തിന് ശേഷം പ്രതി രക്ഷപെട്ടത് ഇത് വാതിൽ വഴി എന്നത്പോലും കൃത്യമായി സ്ഥാപിക്കാനായില്ല .
9. തെളിവുശേഖരണത്തിൽ കുറ്റകരമായ നിശബ്ദത പ്രോസിക്യൂഷന്‍റെ ഭാഗത്ത് പ്രകടമാണ്. ഉത്തരവാദിത്വമില്ലാത്ത മറുപടിയാണ് ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്.
10. അന്വേഷണ ഉദ്യോഗസ്ഥന്‍റെ അലംഭാവവും തെളിവുശേഖരണത്തിലെ പാളിച്ചയുമാണ് ഈ കേസിനെ തകർത്തുകളഞ്ഞതെന്നും ഉത്തരവിലുണ്ട്.