കുട്ടികൾ നോക്കി ചിരിച്ചെന്ന് ആരോപിച്ച് ഗൃഹനാഥനെ പട്ടിയെ കൊണ്ട് കടിപ്പിച്ചു; ഗുണ്ടയെ പൊലീസ് പിടികൂടി

കഠിനംകുളത്ത് പട്ടിയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച ഗുണ്ട പൊലീസ് പിടിയിലായി

goonda arrested at Trivandrum

തിരുവനന്തപുരം: കഠിനംകുളത്ത് പട്ടിയെ കൊണ്ട് നാട്ടുകാരനെ കടിപ്പിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു. കഠിനംകുളത്തെ കമ്രാൻ സമീറിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കഠിനംകുളത്തെ വീട്ടിൽ കയറി ഇയാൾ പട്ടിയെ കൊണ്ട് അവിടുത്തെ ഗൃഹനാഥനെ കടിപ്പിച്ചിരുന്നു. സംഭവത്തിൽ മൂന്ന് ദിവസമായി ഒളിവിൽ കഴിയുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

കഠിനംകുളം സ്റ്റേഷനിൽ നിരവധി കേസിൽ  പ്രതിയാണ് പിടിയിലായ കമ്രാൻ സമീർ. രണ്ട് ദിവസം മുൻപാണ് ഇയാൾ വളർത്തുനായയെ ഉപയോഗിച്ച് ആക്രമണം നടത്തിയത്. കഠിനം കുളത്തെ സക്കീറിന്‍റെ വീട്ടിലായിരുന്നു അതിക്രമം. വളർത്തു നായയുമായി പ്രതി റോഡിൽ പരാക്രമം കാട്ടുന്നത് കണ്ട്, സക്കീറിന്‍റെ  കുട്ടികൾ ചിരിച്ചെന്നതായിരുന്നു പ്രകോപനം. പിന്നാലെ പട്ടിയുമായി വീടിനകത്ത് കയറിയ പ്രതി കുട്ടികളെ വിരട്ടുകയും അത് തടയാനെത്തിയ രക്ഷിതാവിനെ പട്ടിയെ വിട്ട് കടിപ്പിക്കുകയുമായിരുന്നു.

മൂന്ന് ദിവസമായി ഒളിവിലായ പ്രതിയെ ഇന്ന് ചാന്നാങ്കരയിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ സക്കീറിന്‍റെ പിതാവ് അബ്ദുൾ ഖാദറാണ് കഠിനംകുളം സ്റ്റേഷനിൽ പരാതി നൽകിയത്. വീട് കയറി അക്രമം നടത്തിയതടക്കം വകുപ്പുകളാണ് കമ്രാൻ സമീറിനെതിരെ ചുമത്തിയത്.  പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. കാപ്പാ കേസിൽ ഒരു വർഷത്തെ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതാണ് സമീർ.  ഇയാൾ പ്രദേശത്ത് മറ്റ് ചിലരെയും പട്ടിയെ കൊണ്ട് കടിപ്പിച്ചെന്ന പരാതികളുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios