'മലദ്വാരം വഴിയായാലും വേണ്ടില്ല സ്വര്‍ണ്ണം കടത്തണം', കരിപ്പൂര്‍ വഴി സര്‍ണ്ണക്കടത്ത് സജീവം

ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന കാര്യം പലപ്പോഴും പുറത്ത് വരാറില്ല. പിടികൂടിയാലും നികുതിയടച്ച് തടിതപ്പാമെന്ന സൗകര്യവും സ്വര്‍ണ്ണക്കടത്ത് കൂടാന്‍ കാരണമാണ്.

gold smuggling through karipur airport

കോഴിക്കോട് : മലദ്വാരത്തില്‍ തിരുകിയായാലും വേണ്ടില്ല സ്വര്‍ണ്ണം കടത്തണമെന്ന മനോഭാവമാണ് സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക്. കാരിയര്‍മാര്‍ എന്തിനും വഴങ്ങും അവര്‍ക്ക് പണം മതി. ഒരുകിലോ ഗ്രാം സ്വര്‍ണ്ണം കടത്തിയാല്‍ ആറ് ലക്ഷം രൂപവരെ ലാഭം. ഏത് വിധേനയും കടത്താന്‍ കാരിയര്‍മാരും തയ്യാറാണ്. സ്വര്‍ണ്ണക്കടത്ത് കൊഴുക്കുന്നതിന് മുഖ്യകാരണവും ഇതാണ്.

കരിപ്പൂരില്‍ കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും വിമാനമിറങ്ങിയ രണ്ട് പേര്‍ സ്വര്‍ണ്ണം കടത്തിയത് മലദ്വാരത്തില്‍ ഒളിപ്പിച്ചാണ്. സ്വര്‍ണ്ണ മിശ്രിതം ഗുളിക രൂപത്തിലാക്കിയാണ് വിരുതന്‍മാര്‍ കസ്റ്റംസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ഓരോരുത്തരും നാല് ഗുളികകള്‍ വീതമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചത്. കസ്റ്റംസ് പക്ഷെ കണ്ടെടുത്തു. 

കോഴിക്കോട് സ്വദേശിയായ സുഹൈല്‍, വയനാട് സ്വദേശി റയീസ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സുഹൈല്‍ എയര്‍ ഇന്ത്യ
എക്സ്പ്രസ്സ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയത്. ഒരു കിലോ മുപ്പത്തൊന്ന് ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് ഗുളിക രൂപത്തില്‍ ഇയാളുടെ മലദ്വാരത്തില്‍ ഒളിപ്പിച്ച രീതിയില്‍ കണ്ടെത്തിയത്. 

എയര്‍ ഇന്ത്യ എക്സപ്രസ്സ് വിമാനത്തില്‍ ദുബായില്‍ നിന്നാണ് റയീസ് എത്തിയത്. റയീസില്‍ നിന്ന് ഒരു കിലോ മുപ്പത് ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തു. ഇയാളും സമാന രീതിയിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇരുവരില്‍ നിന്നും പിടിച്ചെടുത്തത് രണ്ട് കിലോ ഇരുപത്തിയാറ് ഗ്രാം സ്വര്‍ണ്ണം. വിപണിയില്‍ ഒരുകോടിയിലേറെ രൂപയാണ് ഇതിന് വില. രാജ്യത്ത് സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകളുടെ പത്ത് വര്‍ഷത്തെ കണക്കെടുത്താന്‍
കേരളം മൂന്നാം സ്ഥാനത്താണ്. ഈ വര്‍ഷം ഏഴ് മാസം പിന്നിടുമ്പോള്‍ നാനൂറ്റി എഴുപത് കേസുകള്‍ പിടികൂടി കഴിഞ്ഞു. 

നികുതി വെട്ടിച്ച് വന്‍ ലാഭം കൊയ്യാമെന്നതാണ് സ്വര്‍ണ്ണക്കള്ളകടത്ത് കൂടാന്‍ പ്രധാന കാരണം. കേസുകള്‍ പലതും തെളിയിക്കപ്പെടാറുമില്ല. അതിനാല്‍ ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന കാര്യം പലപ്പോഴും പുറത്ത് വരാറില്ല. പിടികൂടിയാലും നികുതിയടച്ച് തടിതപ്പാമെന്ന സൗകര്യവും സ്വര്‍ണ്ണക്കടത്ത് കൂടാന്‍ കാരണമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios