'കേരളത്തിലെ ജനങ്ങൾ ആ ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല'; മുസ്ലിം ലീഗിനെ പിന്തുണച്ച് കെ മുരളീധരൻ
'ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റി ആവില്ല. തല തിരിഞ്ഞ പരിഷ്കാരമാണത്'
കോഴിക്കോട്: ജെൻഡർ ന്യൂട്രൽ വിവാദത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റി ആവില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. തല തിരിഞ്ഞ പരിഷ്കാരമാണത്. ലീഗ് പറഞ്ഞതിൽ കാര്യമുണ്ട്.
ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾ ആ രീതിയിൽ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സർക്കാർ വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി ലീഗ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിവാദം സജീവമായത്. എം.കെ.മുനീറാണ് വിമർശനവുമായി ആദ്യം രംഗത്തെത്തിയത്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ജെൻഡർ ന്യൂട്രാലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്ലാമിസ്റ്റ് ആക്കിയാൽ കുഴപ്പമില്ലെന്നും മുനീർ നിലപാടെടുത്തു. പരാമര്‍ശം ചര്‍ച്ചയായതോടെ വാക്കുകൾ വളച്ചൊടിച്ചുവെന്നാരോപിച്ച് മുനീര്‍ പിന്നാലെ രംഗത്തെത്തി. ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭം ആകുമെന്നാണ് പറഞ്ഞതെന്നാണ് മുനീര്‍ നൽകിയ വിശദീകരണം.
'ജൻഡർ ന്യൂട്രലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭം ആകുമെന്നാണ് പറഞ്ഞത്, ഇസ്ളാമിസ്റ്റാക്കിയാലും കുഴപ്പമില്ല'
ഇതിനുപിന്നാലെ പി.എം.എ.സലാമും രൂക്ഷ വിമശനവുമായി രംഗത്തെത്തി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നാൽ അപകടമാണെന്നായിരുന്നു സലാമിന്റെ വാദം. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപോകും. ജപ്പാൻ ഇതിന് ഉദാഹരണമാണ്. ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞെന്നും പി.എം.എ.സലാം പറഞ്ഞു. ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള നീക്കം അംഗീകരിക്കില്ല. ജെൻഡർ ന്യൂട്രൽ വിഷയത്തെ മതപരമായല്ല ലീഗ് കാണുന്നത്. ധാർമിക പ്രശ്നമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും വിമശനവുമായി രംഗത്തെത്തി.
ഇതിനു പിന്നാലെ മലപ്പുറത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ലീഗ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ലിംഗ നീതി നടപ്പില്‍ വരുത്തണമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത നിലപാടെന്നും അതിന്റെ പേരിൽ സ്ത്രീകളില്‍ ഒന്നും അടിച്ചേല്‍പ്പിക്കരുതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി.സതീശന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ലീഗിനെ പൂർണമായും പിന്തുണയ്ക്കാതെയുമാണ് സതീശൻ നിലപാട് വ്യക്തമാക്കിയതെങ്കിൽ ഒരു പടി കൂടി കടന്നിരിക്കുകയാണ് കെ.മുരളീധരൻ. വിഷയത്തിൽ ലീഗിനെ പൂർണമായും പിന്തുണച്ചിരിക്കുകയാണ് അദ്ദേഹം.
'ഗവർണറുടെ നടപടി സ്വാഗതാർഹം'
സർവകലാശാലകളിലെ ബന്ധുനിയമന വിവാദം അന്വേഷിക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തെ സ്വാഗതം ചെയ്ത് കെ.മുരളീധരൻ എംപി. സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കൾ യൂണിവേഴ്സിറ്റികളിൽ സ്ഥാനം ഉറപ്പിക്കുന്ന അവസ്ഥയാണെന്ന് മുരളീധരൻ ആരോപിച്ചു. സർവകലാശാലകളെ മാർക്സിസ്റ്റ് വത്കരിച്ച് ബന്ധുക്കളെ കുടിയിരുത്തുകയാണ്. അന്വേഷണം നടത്തുന്നതിനെ സിപിഎം എന്തിനാണ് ഭയപ്പെടുന്നതെന്നും മുരളീധരൻ ചോദിച്ചു. ഗവർണക്കെതിരെ പ്രമേയം പാസാക്കിയ കേരള സർവകലാശാലയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു. വിസി തന്നെ ഗവർണർക്കെതിരായ പ്രമേയം അനുവദിച്ചക്ത് ശരിയായില്ല എന്നും കെ.മുരളീധരൻ പറഞ്ഞു.
......