മലയാള സിനിമയിൽ വിവാദങ്ങൾ കത്തുമ്പോൾ ഗീതു മോഹൻദാസിൻ്റെ ഓർമ്മപ്പെടുത്തൽ! 'എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം'
നമ്മൾ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത് ഒരു സ്ത്രീ പോരാടാനുറച്ചതോടെയാണ്' എന്നാണ് ഗീതു ഫേസ്ബുക്കിൽ കുറിച്ചത്
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ ആഞ്ഞടിക്കുന്ന ആരോപണ കൊടുങ്കാറ്റിനിടെ ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓർമ്മപ്പെടുത്തി സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് രംഗത്ത്. ഇന്ന് മലയാള സിനിമയിൽ നടക്കുന്ന എല്ലാ വെളിപ്പെടുത്തലുകൾക്കും നിമിത്തമായത് ആ നടിയുടെ ഒറ്റയാൾ പോരാട്ടമാണെന്നാണ് ഗീതി മോഹൻദാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മപ്പെടുത്തിയത്. 'നമ്മൾ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത് ഒരു സ്ത്രീ പോരാടാനുറച്ചതോടെയാണ്' എന്നാണ് ഗീതു ഫേസ്ബുക്കിൽ കുറിച്ചത്.
കൊച്ചിയിൽ രാത്രി കാറിൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത് എന്ന ഓർമ്മപ്പെടുത്തലാണ് ഗീതു നടത്തിയത്. 2019 ൽ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ കോളിളക്കമാണ് സംഭവിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും നടനും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖുമടക്കമുള്ളവർക്കെതിരെ ഈ ദിവസങ്ങളിൽ ആരോപണത്തിന്‍റെ കുന്തമുന നീണ്ടുകഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കാനുള്ള സാധ്യതകളുമുണ്ട്. ഇതിനിടയിലാണ് ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓർമ്മിപ്പിച്ച് ഗീതു മോഹൻദാസ് രംഗത്തെത്തിയത്.
അനിവാര്യമായ രാജിയിലേക്ക് രഞ്ജിത്ത്
ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ലൈംഗികാരോപണ കൊടുങ്കാറ്റിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അടിതെറ്റി രാജിവക്കുമെന്ന് സൂചന. സി പി ഐ അടക്കമുള്ള ഇടതു കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ രാജിയ്ക്കായി സമ്മർദം ഉയർന്നതോടെയാണ് രഞ്ജിത്തിന്‍റെ രാജി അനിവാര്യമായത്. ഞായറാഴ്ച രാവിലെയോടെ രഞ്ജിത്തിന്‍റെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. സി പി ഐ നേതാക്കളടക്കം ഉയർത്തിയ എതിർപ്പുകൾ അവഗണിക്കാനാകില്ലെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രാജിയിലേക്കുള്ള സാധ്യതയുണ്ടായതെന്നാണ് വിവരം.
സിദ്ദിഖിനെതിരെ കേസെടുത്തേക്കും
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും പ്രശസ്ത നടനുമായ സിദ്ദിഖിനെതിരായ നടി രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്ന് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം