ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചെന്ന് കേരളം സുപ്രീം കോടതിയിൽ
വിവിധ സംസ്ഥാനങ്ങളിലേക്കായി 55 ട്രെയിനുകളിൽ 70,137 ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് അയച്ചു. 2,15,556 ക്യാമ്പുകളിലായി 4,34,280 തൊഴിലാളികൾക്ക് താമസം ഒരുക്കി
ദില്ലി: ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഭക്ഷണം, കുടിവെള്ളം, മറ്റ് സേവനങ്ങൾ എന്നിവ പൂർണമായും സൗജന്യമായിരുന്നുവെന്നും കേരളം വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിലേക്കായി 55 ട്രെയിനുകളിൽ 70,137 ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് അയച്ചു. 2,15,556 ക്യാമ്പുകളിലായി 4,34,280 തൊഴിലാളികൾക്ക് താമസം ഒരുക്കി. പരാതി പരിഹാര സെല്ലിലേക്ക് 20,386 പരാതികൾ ലഭിച്ചിരുന്നു. ഇത് മുഴുവനും പരിഹരിച്ചതായും സംസ്ഥാന സർക്കാർ വിശദീകരിച്ചു.
തൊഴിലാളികളുടെ വിഷയങ്ങൾ പരിശോധിക്കാൻ സംസ്ഥാന തല മോണിറ്ററിങ് സമിതി ഉണ്ടാക്കി. ഐ എ എസ് ഉദ്യോഗസ്ഥരായ പ്രണബ് ജ്യോതിനാഥ്, കെ ബിജു, എ അലക്സാണ്ടർ, ഡിഐജി സഞ്ജയ് കുമാർ ഗരുഡിൻ എന്നിവർ ഉൾപ്പെടുന്നതായിരുന്നു സമിതി. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ സുപ്രീം കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിർദ്ദേശവും സ്വീകാര്യമാണെന്നും കേരളം പറഞ്ഞു.