ഞാൻ ആദ്യം മത്സരിച്ചത് ഒറ്റയാളുടെ നിർബന്ധത്തിൽ! വെളിപ്പെടുത്തി ഗണേഷ്, 'മാങ്കൂട്ടത്തിൽ പറഞ്ഞത് തെമ്മാടിത്തം'
പത്മജക്കെതിരെ മാങ്കൂട്ടത്തിൽ തെമ്മാടിത്തരമാണ് പറഞ്ഞത്, കോൺഗ്രസിൽ ചെന്നിത്തല മാത്രമാണ് അതിനെ എതിര്‍ത്തതെന്നും ഗണേഷ് അഭിപ്രായപ്പെട്ടു
കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ ഇടത് സ്ഥാനാർഥി മുകേഷിന്‍റെ പ്രചാരണത്തിനെത്തിയ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ തന്‍റെ ആദ്യ തെരഞ്ഞെടുപ്പ് കാലത്തെക്കുറിച്ചും വാചാലനായി. സിനിമയിൽ അഭിനയച്ചിരുന്ന കാലത്ത് ഒരൊറ്റയാളുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ തെരഞ്ഞെടുപ്പ് രംഗത്തെത്തിറങ്ങിയതെന്നാണ് ഗണേഷ് വ്യക്തമാക്കിയത്. അത് മറ്റാരുമല്ല, കേരളത്തിന്‍റെ ലീഡർ എന്നറിയിപ്പെടുന്ന സാക്ഷാൽ കെ കരുണാകരന്‍റെ നിർബന്ധത്തിലാണ് താൻ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതെന്നും അദ്ദേഹം വിവരിച്ചു.
പത്മജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ തെമ്മാടിത്തരമാണ് പറഞ്ഞതെന്നും ഗണേഷ് കൂട്ടിച്ചേർത്തു. ലീഡറെ കാണാൻ മുണ്ടിന്‍റെ അടിയിൽ പഴം തിരുകി കൊണ്ടു പോയിരുന്നവരാണ് കോൺഗ്രസുകാർ. കോണ്‍ഗ്രസ് സ്ഥാനാർത്ഥികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മരിച്ചു പോയവരെ പോലും വെറുതേ വിടാത്തവരാണ് കോൺഗ്രസുകാർ. അതാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പരാമര്‍ശം ചൂണ്ടികാട്ടുന്നത്. മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസുകാരില്‍ രമേശ് ചെന്നിത്തല മാത്രമാണ് എതിര്‍ത്തതെന്നും ഗണേഷ് ചൂണ്ടികാട്ടി.
കൊല്ലത്തെ പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയെയും ഗണേഷ് കടന്നാക്രമിച്ചു. എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാട്. എക്സർസൈസ് ചെയ്യലും തമിഴ്നാട്ടിൽ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും ഗണേഷ് വിമർശിച്ചു. മണ്ണ് വാരിത്തിന്നാലും ആരും കേരളത്തിൽ ബി ജെ പിക്ക് വോട്ട് ചെയ്യില്ല. ചെറുപ്പക്കാരനായ മകനെ ബി ജെ പിക്ക് വേണ്ടി ആന്‍റണി നേർച്ചയാക്കിയെന്നും മന്ത്രി ഗണേഷ് അഭിപ്രായപ്പെട്ടു.
കൊട്ടാരക്കരയില്‍ നടന്ന കേരള കോണ്‍ഗ്രസ് ബി നേതൃസംഗമത്തില്‍ ഗണേഷ് കുമാര്‍ കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം മുകേഷിനെ പുകഴ്ത്തിയും സംസാരിച്ചു. ഒരുമിച്ച് ഏറ്റവും കൂടുതല്‍ അഭിനയിച്ച നടനാണ് മുകേഷെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നല്ല സുഹൃത്താണ് മുകേഷ്. മുകേഷ് കളിയാക്കാത്തരവരായി ആരുമില്ല. കാർട്ടൂൺ കണ്ട് ചിരിക്കുന്ന നല്ല നടനാണ് മുകേഷ്. കൊള്ളേണ്ടവരെ കൊള്ളിച്ച് പ്രസംഗിക്കുന്നയാളാണ് മുകേഷ്. കോണ്‍ഗ്രസിന്‍റേത് പോലെ മുട്ടേല്‍ എഴുതി അംഗത്വം നല്‍കുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ബി എന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം മുകേഷ്, സി എ അരുണ്‍കുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം