എസ്. ശ്രീശാന്തിനെതിരെ കണ്ണൂരിൽ വഞ്ചനാക്കേസ്, വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു, പണം തട്ടി
കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
കണ്ണൂർ : മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കർണാടകയിലെ കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 19 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് പരാതി. കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതി നൽകിയത്. 2019ൽ ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവർ സരീഗിൽ നിന്നും സ്ഥലത്തിന് പണം വാങ്ങിയിരുന്നു. വില്ല നിർമ്മിക്കാത്തതുകൊണ്ട് പണം തിരികെ ചോദിച്ചപ്പോൾ ശ്രീശാന്ത് നേരിട്ട് പരാതിക്കാരനെ സമീപിച്ചതായി പരാതിയിൽ പറയുന്നു.
സ്ഥലത്ത് താൻ നിർമിക്കുന്ന കായിക അക്കാദമിയിൽ പരാതിക്കാരനെ പങ്കാളിയാക്കമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ ഇതുവരെ നിർമാണം നടത്തുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. ശ്രീശാന്ത് അടക്കം മൂന്ന് പേർക്കെതിരെ അന്വേഷണത്തിന് കണ്ണൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ പരാതിക്കാരനുമായി നേരിട്ട് ബന്ധമില്ലെന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും ശ്രീശാന്തിന്റെ കുടുംബം വ്യക്തമാക്കി.