ജലനിരപ്പ് 137.70 അടി: മുല്ലപ്പെരിയാറില്‍ നാല് ഷട്ടറുകള്‍ കൂടി തുറന്നു, ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി
മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും തെന്മല ഡാമിന്‍റെ മൂന്നു ഷട്ടറുകളും ഇന്ന് തുറന്നു.
ഇടുക്കി: മുല്ലപ്പെരിയാറില്‍ നാല് ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.70 അടിയായി. മഴയിൽ നീരൊഴുക്ക് കനത്തതോടെ സംസ്ഥാനത്തെ നിരവധി ഡാമുകൾ തുറന്നു. മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും തെന്മല ഡാമിന്‍റെ മൂന്നു ഷട്ടറുകളും ഇന്ന് തുറന്നു. പീച്ചി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. കരുതലോടെ ഘട്ടം ഘട്ടമായാണ് ഇത്തവണ ഡാമുകൾ തുറന്നത് എന്നതിനാൽ എവിടെയും പ്രളയഭീതിയില്ല.
അതേസമയം സംസ്ഥാനത്ത് മഴയ്ക്ക് ഇന്ന് ശമനമുണ്ടായി. ഇടുക്കി മുതൽ കാസർകോടുവരെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും അലർട്ടുകൾ പിൻവലിച്ചു. പത്തനംതിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും യെല്ലോ അലേർട്ട് മാത്രമാണുള്ളത്. വിവിധ ജില്ലകളിലായി ഏഴായിരത്തോളംപേർ 221 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്.
മഴക്കെടുതി രൂക്ഷം, രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി കേരളത്തിലേക്ക്, പൊൻമുടിയിൽ വീണ്ടും മണ്ണിടിച്ചിൽ
ദുരന്ത നിവാരണപ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി രണ്ട് എൻ ഡി ആർ എഫ് സംഘങ്ങൾ കൂടി കേരളത്തിലേക്ക്. സംസ്ഥാന സർക്കാർ എത്തിച്ച കെ എസ് ആർ ടി സി ബസിൽ ഉച്ചയ്ക്കുശേഷം തമിഴ്നാട്ടിലെ ആരക്കോണത്തുനിന്നും സംഘം കേരളത്തിലേക്ക് തിരിച്ചു. ഇരുപത്തുയൊന്നുപേർ വീതമുളള സംഘം എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാകും എത്തുക. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് കേരളത്തിലുണ്ടായത്. പലയിടത്തുനിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മുൻ പ്രളയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ജാഗ്രതയിലാണ് ഇത്തവണ സംസ്ഥാന സർക്കാരും ഡാം മാനേജ്‌മെന്റും. പല ഡാമുകളും തുറക്കേണ്ടി വന്നുവെങ്കിലും എവിടെയും പ്രളയ സാധ്യതയോ അപകടഭീതിയോ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ അഞ്ച് ഡാമുകളിൽ റെഡ് അലർട്ടുണ്ട്. ഇടുക്കിയിലെ പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്.
- Read Also : Kerala Rain : ആന്ധ്ര തീരത്തിന് പുറമേ മധ്യ കർണാടകക്ക് മുകളിലും ചക്രവാതചുഴി; കേരളത്തിൽ 9 വരെ മഴ ഭീഷണി തുടരും