വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തി; നാലംഗ സംഘം അരിയും പലവ്യഞ്ജനങ്ങളും വാങ്ങി മടങ്ങി

ആയുധ ധാരികളായ ഒരു പുരുഷനും, 3 സ്ത്രീകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം

four Maoists visits wayanad police registers UAPA case

വയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്ന് വിവരം. വയനാട് മട്ടിലയത്തിന് സമീപം പന്നിപ്പാട് കോളനിയിലാണ് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയത്. ആദിവാസി കോളനിക്ക് സമീപത്തെ തോട്ടിൽ മീന്‍ പിടിക്കാന്‍ പോയവരാണ് ആദ്യം മാവോയിസ്റ്റുകളെ കണ്ടത്. നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് ഇവർ പൊലീസിന് നൽകിയ വിവരം.

ആയുധ ധാരികളായ ഒരു പുരുഷനും, 3 സ്ത്രീകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാലംഗ മാവോയിസ്റ്റ് സംഘം ആദിവാസി കോളനിയിൽ എത്തി, ഇവിടെ നിന്നും അരിയും പലവ്യഞ്ജനങ്ങളും വാങ്ങി തിരികെ പോയെന്ന് കോളനിക്കാർ പറയുന്നു. 

മാവോയിസ്റ്റുകളായ സുന്ദരി, സന്തോഷ് തുടങ്ങിയവരാണ് വന്നതെന്നാണ് പോലീസിന് ലഭ്യമായ വിവരം. മാവോയിസ്റ്റ് കബനി ദളത്തിലെ പ്രവർത്തകരാണ്  ഇവർ എന്നാണ് വിവരം. സുന്ദരി കർണാടക സ്വദേശിയാണ്. സംഭവത്തെ തുടർന്ന് തൊണ്ടർനാട് പോലീസ് യുഎപിഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. 

കുറ്റ്യാടിക്കടുത്ത് മരുതങ്കരയിൽ കഴിഞ്ഞ മാസം ഇതേ നിലയിൽ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഉണ്ണിമായ എന്ന ശ്രീമതി, സുന്ദരിയെന്ന ലത എന്നിവരാണ് ഈ സംഘത്തിലുണ്ടായിരുന്നതെന്നാണ് പിന്നീട് പൊലീസ് സ്ഥിരീകരിച്ചത്. ഈ സംഘത്തിലെ പുരുഷനാരെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്തിരുന്നു. മരുതങ്കരയിൽ ആൻഡ്രൂസ് എന്നയാളുടെ വീട്ടിലെത്തിയ സംഘം പിന്നീട് കടന്തറ പുഴ കടന്ന് മാവട്ടം ഭാഗത്തേക്ക് പോവുകയായിരുന്നു. 

കോഴിക്കോട് ആവിക്കലിലെ മാലിന്യ പ്ലാന്റിനെതിരായ സമര സ്ഥലത്ത് നിന്ന് സിപിഐ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി പി നഹാസ്, ഷനീർ, ഭഗത് ദിൻ എന്നിവരെയാണ് വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. സമരസമിതി തങ്ങളെ ക്ഷണിച്ചിട്ടില്ല, ചിത്രങ്ങൾ പകർത്താനും മറ്റുമായി എത്തിയതെന്നാണ് ഇവർ മൊഴി നൽകിയത്. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സമരത്തിന് പിന്നിൽ മാവോയിസ്റ്റുകളുമുണ്ടെന്ന വാദം സിപിഎം ശക്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios