'തൊട്ടോട്ടെ എന്ന് പലരും ചോദിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഉമ്മൻ ചാണ്ടി സാർ വഴക്കുപറയും, കെട്ടിപ്പിടിച്ചേ വിടൂ'
'കുഞ്ഞൂഞ്ഞ് സാറിനെ ഒന്ന് തൊട്ടോട്ടെ എന്ന് പലരും ചോദിക്കും, വേണ്ടെന്ന് പറഞ്ഞാൽ നമ്മളെ വഴക്കുപറയും, കെട്ടിപ്പിടിച്ചിട്ടേ അവരെ വിടൂ. ചാണ്ടി സാറിന് സുരക്ഷക്ക് ആളുകള്‍ എന്തിനെന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്'.
കോട്ടയം: ജനങ്ങളാണ് തന്റെ പ്രഥമ പരിഗണനയെന്നതായിരുന്നു എക്കാലത്തും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണ ശൈലി. ഒരു സന്ദർശനം കൊണ്ട്, കൈയ്യൊപ്പുകൊണ്ട്, തോളത്ത് ഒരു തലോടൽ കൊണ്ട് ഒക്കെ അടുത്തുകൂടി പോയ ആളുകളെ ഒക്കെ തനിക്കൊപ്പം ആക്കിയ നേതാവാണ് ഉമ്മൻ ചാണ്ടി. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കാണാനായി പ്രായഭേദമന്യേ ഓരോ വേദികളിലും തടിച്ച് കൂടുന്ന ജന സഞ്ചയം അതിന്‍റെ തെളിവായിരുന്നു. ജനങ്ങളായിരുന്നു ഉമ്മൻ ചാണ്ടി സാറിന് എല്ലാമെന്ന് ഏറെകാലം അദ്ദേഹത്തിന്‍റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ശ്രീകുമാർ പറയുന്നു.
'കുഞ്ഞൂഞ്ഞ് സാറിനെ ഒന്ന് തൊട്ടോട്ടെ എന്ന് പലരും ചോദിക്കും, വേണ്ടെന്ന് പറഞ്ഞാൽ നമ്മളെ വഴക്കുപറയും, കെട്ടിപ്പിടിച്ചിട്ടേ അവരെ വിടൂ. ചാണ്ടി സാറിന് സുരക്ഷക്ക് ആളുകള്‍ എന്തിനെന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. ദീർഘകാലം ഉമ്മൻ ചാണ്ടിയുടെ സുരക്ഷാചുമതലയിലുണ്ടായിരുന്ന ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സുരക്ഷ ചുമതല ഉള്ള ആളെന്ന പേര് ഔദ്യോഗികമായി മാത്രമായിരുന്നു. സാറിന് ഒരു സുരക്ഷ ചുമതയുടെ ആവശ്യം ഉണ്ടോയിരുന്നോ എന്നത് പലപ്പോഴും തോന്നിപ്പോകുമായിരുന്നു.ആളുകളോടുള്ള ആ രീതിയും പെരുമാറ്റവും ഒക്കെ അങ്ങനെ പലപ്പോഴും തോന്നിപ്പിച്ചിട്ടുണ്ട്. 'തൊട്ടോട്ടെ എന്ന് പലരും ചോദിക്കും, നിയമം നോക്കിയാൽ തൊണ്ടേണ്ടെന്നേ നമുക്ക് പറയാനാവു. വേണ്ടെന്ന് പറഞ്ഞാൽ, സാറ് അതെങ്ങാനും കേട്ടാൽ നമ്മളെ വഴക്കുപറയും, അവരെ അടുത്ത് വിളിച്ച് കെട്ടിപ്പിടിച്ചിട്ടേ അവരെ വിടൂ'- ശ്രീകുമാർ പറഞ്ഞു.
ഏറ്റവും നല്ല സമീപനം ആയിരുന്നു ഞങ്ങളോടെല്ലാം. മറ്റു നേതാക്കൻമാർക്ക് ഒന്നും ഇല്ലാത്ത സ്നേഹം ആയിരുന്നു എപ്പോഴും. വിശേഷ ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി സാറിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കണം. അക്കാര്യത്തിൽ വീട്ടുകാരേക്കാളും ആദ്യം പ്രധാന്യം നല്‍കുന്നത് ഞങ്ങള്‍ക്കാണ്. ഓണത്തിനൊക്കെ കൂടെ ഉണ്ടെങ്കിൽ വീട്ടിൽ പറഞ്ഞ് വിടും. അവധി കിട്ടിയില്ല എന്ന പരാതിക്കൊന്നും ഇടയാക്കാറില്ല.
ഏറ്റവും കൂടിയ പ്രതിഷേധം ഉണ്ടായിരുന്ന സമയത്തൊക്കെ കൂടെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വരെ ഏത് സാഹചര്യത്തിലും ഉമ്മൻ ചാണ്ടി സർ തങ്ങള്‍ക്ക് ഒരു സുരക്ഷാ നിർദ്ദേശവും നല്‍കിയിട്ടില്ല. പുതുപ്പള്ളിയിലൊക്കെ വന്നാൽ എങ്ങനെയും ഞങ്ങളെ ഒഴിവാക്കാനാണ് നോക്കാറാണ്. അത്രയും ജനം അടുത്തുണ്ടാവുമെന്നാണ് സാറ് കരുതുക. എന്നെ കാണാനല്ലേ അവര് വരുന്നത് എന്നാണ് സാറ് ചോദിക്കുക. അവസാനമായി ബെംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പാണ് കണ്ടത്. അന്ന് അടുത്ത് വിളിച്ച് സംസാരിച്ചതാണ്- ശ്രീകുമാർ പറയുന്നു.
Read More : ഉമ്മൻ ചാണ്ടിയുടെ വിയോഗം; സർവകലാശാലകളുൾപ്പടെ വിവിധ പരീക്ഷകള്‍ മാറ്റി, പിഎസ്‍സി പരീക്ഷയിൽ മാറ്റമില്ല
' എന്നെ കാണാനല്ലേ അവര് വരുന്നത് എന്നാണ് സാറ് ചോദിക്കുക', ഉമ്മൻ ചാണ്ടിയെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ- വീഡിയോ