ഐഎഎസ് ഉദ്യോഗസ്ഥർക്ക് ജാതി-മത പരിഗണനകൾ പാടില്ല, ഗോപാലകൃഷ്ണൻ ഐഎസിനെതിരെ നടപടി വേണം; ടിക്കാറാം മീണ
ജാതിയുടേയും മതത്തിന്‍റേയും അടിസ്ഥാനത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് അപലപനീയമാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്രഡിബിലിറ്റി വളരെ പ്രധാനമാണെന്ന് മീണ പറഞ്ഞു.
ചെന്നൈ: ഹിന്ദു മല്ലു വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ നടപടി വേണമെന്ന് കേരളത്തിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണ. ഐഎഎസ് ഉദ്യോഗസ്ഥർക്ക് ജാതി-മത പരിഗണനകൾ പാടില്ലെന്നും മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച കെ. ഗോപാലകൃഷ്ണനെതിരെ സർക്കാർ നടപടി സ്വീകരിക്കുക തന്നെ വേണമെന്ന് ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഐഎസ് ദവിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് അംഗീകരിക്കാനാകാത്തതാണെന്നും ടിക്കാറാം മീണ പറഞ്ഞു. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണനെ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള നീക്കങ്ങൾ സജീവമാകുമ്പോഴാണ് 35 വർഷം ഐഎഎസ് ഉദ്യോഗസ്ഥനായി കേരളത്തിൽ നിറഞ്ഞുനിന്ന ടിക്കാറാം മീണയുടെ വിയോജനക്കുറിപ്പ്.
സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് മീണ പറഞ്ഞു. ഗോപാലകൃഷ്ണനെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷയായ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോൾ ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്രഡിബിലിറ്റി വളരെ പ്രധാനമാണെന്നായിരുന്നു മറുപടി. ജാതിയുടേയും മതത്തിന്‍റേയും അടിസ്ഥാനത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് അപലപനീയമാണ്. സർക്കാരിന് എല്ലാ കാര്യങ്ങളും അറിയാം. ആ രീതിയിൽ സർക്കാർ തീരുമാനം എടുക്കട്ടേയെന്നും മീണ പറഞ്ഞു. കേരളത്തിൽ നിന്ന് ലഭിച്ച സ്നേഹം ഒരിക്കലും മറക്കാനാകില്ലെന്നും 2022ൽ അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ വിരമിച്ച ടിക്കാറാം മീണ പറഞ്ഞു.
വീഡിയോ സ്റ്റോറി കാണാം
Read More : 2026 മാർച്ചോടെ രാജ്യത്ത് നക്സലിസം അവസാനിപ്പിക്കും, ഛത്തീസ്ഗഡിൽ 9 സൈനികരുടെ വീരമൃത്യു അതീവ ദുഖകരം; അമിത് ഷാ