മകൾക്ക് കാഴ്ച തിരികെ കിട്ടി, കേരളത്തിന് നന്ദി; ആയുർവേദം കെനിയയിൽ എത്തിക്കാമോയെന്ന് മോദിയോട് മുൻ പ്രധാനമന്ത്രി

മകളുടെ കാഴ്ചശക്തി വീണ്ടെടുത്ത കേരളത്തിലെ ആശുപത്രിക്ക് നന്ദി പറഞ്ഞ് കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ. മകൾ റോസ്മേരി ഒഡിംഗയുടെ ചികിത്സയ്ക്കായി ഫെബ്രുവരി ഏഴിനാണ് വീണ്ടും  ഇന്ത്യയിലേക്ക്  മുൻ കെനിയൻ പ്രധാനമന്ത്രി എത്തിയത്. 

Former Kenya Prime Minister Raila Odinga has thanked a hospital in Kerala for recovering his daughter's eyesight

കൊച്ചി: മകളുടെ കാഴ്ചശക്തി വീണ്ടെടുത്ത കേരളത്തിലെ ആശുപത്രിക്ക് നന്ദി പറഞ്ഞ് കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ. മകൾ റോസ്മേരി ഒഡിംഗയുടെ ചികിത്സയ്ക്കായി ഫെബ്രുവരി ഏഴിനാണ് വീണ്ടും  ഇന്ത്യയിലേക്ക്  മുൻ കെനിയൻ പ്രധാനമന്ത്രി എത്തിയത്. ചികിത്സയിൽ തൃപ്തനാണെന്ന് അറിയിച്ച അദ്ദേഹം, ആയുർവേദ തെറാപ്പി ആഫ്രിക്കയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരാഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത ചികിത്സ മാർഗങ്ങൾ സ്വീകരിച്ച് അവൾ  ഇപ്പോൾ കാഴ്ചശക്തി വീണ്ടെടുത്തു, ഇത് ഞങ്ങൾക്ക് വളരെ ആത്മവിശ്വാസം നൽകുന്നുണ്ട്. ആഫ്രിക്കയിലേക്ക് ഈ തെറാപ്പി  (ആയുർവേദം) കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യജാലങ്ങളെ ചികിത്സകൾക്കായി ഉപയോഗിക്കാനുമുള്ള സാധ്യതയെക്കുറിച്ച് ഞാൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു.- ഒഡിംഗ പറഞ്ഞു.

കെനിയൻ മുൻ പ്രധാനമന്ത്രിയുടെ മകൾ റോസ്മേരി ഒഡിംഗയ്ക്ക് 2017 ൽ ഒപ്റ്റിക് നാഡി സംബന്ധമായ രോഗം മൂലം കാഴ്ച നഷ്ടപ്പെടുകയായിരുന്നു. കാഴ്ച വൈകല്യത്തെത്തുടർന്ന് ദക്ഷിണാഫ്രിക്ക, ഇസ്രായേൽ, ചൈന എന്നിവിടങ്ങളിൽ അവർ ചികിത്സ തേടിയിരുന്നു. എന്നാൽ ഇതൊന്നു വിജയിച്ചില്ലെന്ന് നിരവധി മാധ്യമ സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നു. 

ഒരു സുഹൃത്ത് വഴിയാണ് റെയ്‌ല ഒഡിംഗ പിന്നീട് കേരളത്തിന്റെ ആയുർവേദ സംസ്‌കാരത്തെക്കുറിച്ച് അറിഞ്ഞത്. 2019ൽ കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ റോസ്മേരി ഒഡിംഗ ചികിത്സ ആരംഭിച്ചു.  നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു മാസത്തോളം കേരളത്തിൽ ചികിത്സയിലായിരുന്നു. നിർദ്ദിഷ്ട  മരുന്നും  തെറാപ്പിയും വീട്ടിൽ നിന്ന് ചെയ്തു. തുടർച്ചയായ തെറാപ്പിക്കും പരിശോധനകൾക്കും ശേഷം റോസ്മേരി ഒഡിംഗയ്ക്ക് കാഴ്ച തിരിച്ചുകിട്ടുകയായിരുന്നു. മൂന്നാഴ്ചത്തേക്ക് തുടർ പരിചരണത്തിനായി അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios