പ്രളയഫണ്ട് തട്ടിപ്പ്; വിഷണു പ്രസാദിനെ ഇന്ന് കളക്ട്രേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും
കളക്ടറേറ്റിലെ മുൻ ജീവനക്കാരനായ വിഷ്ണു പ്രസാദിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ. പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നും അറുപത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത രണ്ടാമത്തെ കേസിൽ ജൂൺ എട്ടിനാണ് ഇയാളെ അറസ്റ്റു ചെയ്തത്.
കൊച്ചി: കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പ് റവന്യു അന്വേഷണ സംഘം ഇന്ന് എറണാകുളം കളക്ട്രേറ്റിലെത്തി പരിശോധന നടത്തും. ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണതതതിനായി എത്തുന്നത്
മുഖ്യപ്രതി വിഷണു പ്രസാദിനെ ഇന്ന് 11 മണിക്ക് കളക്ട്രേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കളക്ടറേറ്റിലെ മുൻ ജീവനക്കാരനായ വിഷ്ണു പ്രസാദിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ. പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നും അറുപത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത രണ്ടാമത്തെ കേസിൽ ജൂൺ എട്ടിനാണ് ഇയാളെ അറസ്റ്റു ചെയ്തത്.
പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നും പണം തട്ടിയ കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നറിയാനാണ് വിഷ്ണു പ്രസാദിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇയാളെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും ഇവിടെ നിന്നും കൂടുതൽ തെളിവുകൾ ലഭിച്ചില്ലെന്നാണ് സൂചന.
സംഭവത്തിൽ കളക്ട്രേറ്റിലെ ചില ജീവനക്കാർക്ക് കൂടി പങ്കുണ്ടെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനായി ജീവനക്കാരിൽ ചിലരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലെത്തിയിലേക്ക് വന്ന ഒരു കോടി പതിമൂന്ന് ലക്ഷത്തി മുപ്പത്തി മൂവായിരം രൂപ വിഷ്ണു പ്രസാദ് രസീത് ഒപ്പിട്ടു നൽകിയാണ് കൈപ്പറ്റിയത്. ഇതിൽ നാൽപ്പത്തിയെട്ടു ലക്ഷത്തി മുപ്പതിനായിരം രൂപ മാത്രമാണ് ട്രഷറിയിൽ അടച്ചത്. 266 രസീതുകളാണ് വിഷ്ണു പ്രസാദ് ഒപ്പിട്ടു നൽകിയത്. ഈ പണം അടച്ചവരിൽ നിന്നും ക്രൈംബ്രാഞ്ച് വരും ദിവസങ്ങളിൽ വിവരങ്ങൾ ശേഖരിക്കും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിൻറെ വിലയിരുത്തൽ.