വിമാനത്തിലെ പ്രതിഷേധം; മുഖ്യമന്ത്രിയുടെ ഗൺമാനും പിഎക്കുമെതിരെ കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘം
പ്രതികളെ തടഞ്ഞത് അനിലിന്‍റെ കൃത്യ നിർവ്വഹണത്തിന്‍റെ ഭാഗമെന്ന് പൊലീസ് റിപ്പോർട്ടില്‍ പറയുന്നത്. പ്രതികളെ തടയാൻ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പി എ സുനീഷിന് മർദ്ദനമേറ്റതാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം: വിമാനത്തിനുള്ളിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം തടഞ്ഞ ഗൺമാനും പിഎക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് പ്രത്യേക സംഘം. ഗൺമാൻ അനിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുകയാണ് ചെയ്തത്. പ്രതികളെ തടഞ്ഞത് അനിലിന്‍റെ കൃത്യ നിർവ്വഹണത്തിന്‍റെ ഭാഗമെന്ന് പൊലീസ് റിപ്പോർട്ടില്‍ പറയുന്നത്. പ്രതികളെ തടയാൻ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പി എ സുനീഷിന് മർദ്ദനമേറ്റതാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൺമാൻ അനിൽ, പി എ സുനീഷ് എന്നിവർക്കെതിരെ കേസില്‍ പ്രതിയാക്കപ്പെട്ട യൂത്ത് കോൺഗ്രസുകാർ പരാതി നൽകിയിരുന്നു.
അതേസമയം, വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥന് പൊലീസ് നോട്ടീസ് അയച്ചു. വധശ്രമത്തിൻ്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ. നാളെ 11 മണിക്ക് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസിൻ്റെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിര്‍ദേശിക്കുന്നതിൻ്റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.
Also Read: വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്, കോൺഗ്രസ് പ്രവർത്തകർക്കും വിലക്ക്
ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്
വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് ഇൻഡിഗോ വിമാനക്കമ്പനി മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിൽ മാത്രമാണ് മൂന്ന് പേര്‍ക്കും യാത്രാ വിലക്ക്. എന്നാല്‍ യാത്രാവിലക്ക് സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ഇ പി ജയരാജന്‍റെ പ്രതികരണം.