'കയ്യേറ്റം ചെയ്തെന്ന പരാതിയിൽ കഴമ്പില്ല'; ഇ പി ജയരാജനെതിരായ കേസ് എഴുതിത്തള്ളാൻ പൊലീസ്

മുഖ്യമന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധക്കാർ എത്തിയപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും കൈയേറ്റം ചെയ്തുവെന്ന പരാതി നിലനിൽക്കില്ലെന്നുമാണ് പൊലീസിന്‍റെ റിപ്പോർട്ട്.

flight protest Police to dismiss  case against EP Jayarajan nbu

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ കൈയേറ്റം ചെയ്തുവെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയിലെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. പരാതിയിൽ കഴമ്പില്ലെന്ന് വലിയതുറ പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ കുറ്റപത്രം തയ്യാറാക്കി. 

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഡോ വിമാനത്തിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് നീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് ഇ പി ജയരാജൻ കൈയേറ്റം ചെയ്തത്. യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തപ്പോള്‍ ജയരാജൻ മർദ്ദിച്ചുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാരും പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുക്കാതെ തള്ളിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാർ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. വധശ്രമം, ഗൂഢാലോചന, സംഘം ചേർന്ന് ആക്രമിക്കൽ എന്നീ വകുപ്പുകള്‍ പ്രകാരം ഇ പി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽകുമാ‍ർ, പി എ സുനീഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. എയർക്രാഫ്റ്റ് നിയമ പ്രകാരമുള്ള കുറ്റം ചുമത്താതെയാണ് കേസെടുത്തത്. ഈ കേസാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. 

മുഖ്യമന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധക്കാർ എത്തിയപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും കൈയേറ്റം ചെയ്തുവെന്ന പരാതി നിലനിൽക്കില്ലെന്നുമാണ് പൊലീസിന്‍റെ റിപ്പോർട്ട്. റിപ്പോർട്ടിന്മേൽ പരാതിയുണ്ടെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കാൻ പൊലീസ് പരാതിക്കാർക്ക് നോട്ടീസ് അയച്ചു. വിമാനത്തിനുള്ളിൽ വച്ച് ഇ പി ജയരാജൻ പ്രവർത്തകരെ കൈയേറ്റം ചെയ്യതുവെന്ന ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തുകയും യാത്ര വിലക്ക് ഏ‍ർപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കി. 

Also Read: മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ച കേസ്; ശബരിനാഥ് ഉൾപ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം തയ്യാര്‍

എയർക്രാഫ്റ്റ് നിയമം ചുമത്തിയതിനാൽ കേന്ദ്ര സർക്കാരിന്‍റെ അനുമതി ആവശ്യമാണ്. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടി. മുഖ്യമന്ത്രി കയറിയ അതേ വിമാനത്തിൽ യാത്ര ചെയ്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസീൻ മജിദ്, നവീൻ കുമാർ, സുനിത് എന്നിവരെ കൂടാതെ ഗൂഢാലോചനയിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ശബരിനാഥനും പ്രതിയാണ്. ഇപിക്കെതിരായ കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് റിപ്പോർട്ടിൽ തടസ വാദമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസുകാർ കോടതിയെ സമീപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios