മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ച കേസ്; ശബരിനാഥ് ഉൾപ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം തയ്യാര്‍
കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥ് ഉൾപ്പെടെ നാല് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിച്ചുവെന്ന കേസില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കുറ്റംപത്രം തയ്യാറാക്കി. പൊലീസ് നിയമോപദേശത്തിനായി കുറ്റപത്രം നൽകി. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥ് ഉൾപ്പെടെ നാല് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവരാണ് മറ്റ് പ്രതികൾ. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെയും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.
Also Read: ആർഷോയെ പ്രതിക്കൂട്ടിൽ നിർത്തേണ്ട; വിദ്യ ചെയ്തത് അപരാധം, ശക്തമായി അപലപിക്കുന്നു: മന്ത്രി ബിന്ദു
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയാണ് ഇപിക്ക് തിരിച്ചടിയായത്. ഇവർക്കെതിരായാണ് ഇപി ജയരാജന്റെയും മറ്റും പരാതി. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം സുനീഷും ഗൺമാൻ അനിൽകുമാറും ചേർന്ന് മർദ്ദിച്ചുവെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് ഇപിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഡാലോചന, വധശ്രമം, മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം