ഫ്ലാറ്റ് പെര്‍മിറ്റ് ഫീസ് കുത്തനെ കൂട്ടി, 20 മടങ്ങ് വർധന; സംസ്ഥാനത്ത് വൻകിട നിര്‍മ്മാതാക്കളും പ്രതിസന്ധിയിൽ
ഫ്ലാറ്റ് പെര്‍മിറ്റ് ചാര്‍ജ്ജ് കുത്തനെ കൂട്ടി സർക്കാർ.10,000 സ്ക്വയര്‍ മീറ്ററിലെ നിര്‍മ്മാണത്തിന് പെര്‍മിറ്റെടുക്കാനുള്ള ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി.
തിരുവനന്തപുരം : പെര്‍മിറ്റ് ചാര്‍ജ്ജ് മുതൽ നികുതി നിരക്ക് വരെ കുത്തനെ കൂട്ടി സർക്കാർ. 10,000 സ്ക്വയര്‍ മീറ്ററിലെ നിര്‍മ്മാണത്തിന് പെര്‍മിറ്റെടുക്കാനുള്ള ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കിയാണ് സർക്കാർ ഉയർത്തിയത്. ഇതോടെ സംസ്ഥാനത്തെ വൻകിട നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്.
10,000 സ്ക്വയര്‍ മീറ്ററിൽ കോര്‍പറേഷൻ പരിധിയിൽ നടക്കുന്ന നിര്‍മ്മാണത്തിന് പെര്‍മിറ്റെടുക്കാൻ ചെലവ് വന്നിരുന്ന ഒരു ലക്ഷം രൂപയായിരുന്നു. നിരക്ക് പുതുക്കിയപ്പോൾ 20 ലക്ഷമായി ഉയർന്നു. പരിഷ്കരിച്ച നികുതിഘടന മുതൽ നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ജിഎസ്ടിയും എല്ലാം ചേരുമ്പോള്‍ ഒരു കോടി രൂപക്ക് 38 ലക്ഷം രൂപ നിരക്കിലാണ് പലവഴിക്ക് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത്.
രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; അപകീർത്തി കേസിലെ അപ്പീൽ സൂറത്ത് കോടതി പരിഗണിക്കും
തനത് വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് സേവന നിരക്കുകളും നികുതികളും പരിഷ്കരിച്ച സര്‍ക്കാര്‍ നടപടിയോടെ നിര്‍മ്മാണ മേഖലയാകെ തകിടം മറിഞ്ഞെന്നാണ് വൻകിട നിര്‍മ്മാതാക്കളുടെ പരാതി. നിര്‍മ്മാണ പെർമിറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നത് മുതൽ ചെലവ് കുത്തനെ കൂടി. 10000 സ്ക്വയര്‍ മീറ്ററിന് കോര്‍പറേഷൻ പരിധിയിലെ പെര്‍മിറ്റ് ഫീസ് 100050 രൂപയിൽ നിന്ന് 2005000 രൂപയായി. മുൻസിപ്പാലിറ്റിയിൽ 70030 രൂപ 2004000 രൂപയായി. 50020 രൂപ മാത്രമുണ്ടായിരുന്ന പഞ്ചായത്ത് പരിധിയിൽ 150300 രൂപയായി.
വിവിധ ഫീസുകളും പെര്‍മിറ്റ് നിരക്കും എല്ലാറ്റിനും പുറമെ നിര്‍മ്മാണ സാമഗ്രികളുടെ വൻ വിലക്കയറ്റം കൂടി വന്നതോടെ ശരാശരി 2500 രൂപ സ്ക്വയര്‍ ഫീറ്റിനുണ്ടായിരുന്ന നിര്‍മ്മാണ നിരക്കിപ്പോൾ 3000 വും 3500 രൂപയുമായി. വാങ്ങാനെത്തുന്നവരാകട്ടെ വിലയുടെ അഞ്ച് ശതമാനം ജിഎസ്ടിയും 9 ശതമാനം രജിസ്ട്രേഷൻ ചെലവും ഒറ്റത്തവണ നികുതിയടക്കം മറ്റു ചെലവുകൾക്ക് 1.20 ശതമാനം വേറെയും മുടക്കണം. അതായത് വൻകിട നിര്‍മ്മാണ മേഖലയിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയിലും 38.20 രൂപ പലതലത്തിൽ സര്‍ക്കാരിലേക്ക് തിരിച്ചെത്തുന്നുണ്ടെന്നാണ് കണക്ക്
പ്രതിസന്ധി തീര്‍ക്കാര്‍ സര്ക്കാരിന്‍റെ അടിയന്തര ഇടപെടൽ വേണമെന്നാണ് വൻകിട നിര്‍മ്മാതാക്കളുടെ ആവശ്യം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ട്. നിരക്ക് വര്‍ദ്ധിപ്പിച്ചാൽ മാത്രം പോര തിരിച്ച് നൽകുന്ന സേവനങ്ങൾ സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നു.