ഒരു രാത്രി പിന്നിട്ടു, ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയില്ല; പ്രതി മദ്യലഹരിയിൽ, തെരച്ചിൽ
പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക് ആലം ഇന്നലെ മുതലാണ് ദമ്പതികൾ താമസിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയിൽ താമസം തുടങ്ങിയത്
കൊച്ചി: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ ഇനിയും കണ്ടെത്താനായി വ്യാപക തിരച്ചിൽ. ബിഹാർ സ്വദേശികളുടെ മകളെ തട്ടികൊണ്ടുപോയ ബിഹാർ സ്വദേശി അസ്ഫക് ആലം പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇയാളിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതി മദ്യലഹരിയിലായതാണ് കാരണം. ഇന്നലെ രാത്രി തോട്ടക്കാട്ടുകരയില്‍ നിന്നാണ് അസ്ഫക് ആലത്തെ പിടികൂടിയത്.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് ബിഹാര്‍ സ്വദേശികളുടെ മകളെ അസ്ഫക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. കുട്ടിയെ മറ്റൊരാൾ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടവർ വിളിച്ചു പറയുകയായിരുന്നുവെന്നും ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
Read More: ആലുവയിലെ 5 വയസുകാരി എവിടെ? സുഹൃത്തിന് കൈമാറിയെന്ന് അസ്ഫാക് ആലം പൊലീസിനോട്
നാല് വർഷമായി ദമ്പതികൾ ചൂർണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്കാണ് താമസിക്കുന്നത്. തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ആണ് കാണാതായത്. പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക് ആലം ഇന്നലെ മുതലാണ് ഈ ദമ്പതികൾ താമസിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയിൽ താമസം തുടങ്ങിയത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ആലുവ സീമാസ് പരിസരത്ത് പ്രതിയെ കുട്ടിയുമായി കണ്ടെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തൃശ്ശൂരിലേക്കുള്ള ബസിൽ കുട്ടിയുമായി കയറിയ പ്രതി ആലുവയിൽ തന്നെ കുട്ടിയുമായി ഇറങ്ങിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്