'വിരലടയാളം തെളിവായി മാറിയ നിരവധി കേസുകൾ'; ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെആര്‍ ശൈലജ വിരമിച്ചു

ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെആര്‍ ശൈലജ വിരമിച്ചു 

First woman fingerprint expert KR Shailaja retires ppp

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ ആര്‍  ശൈലജ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. കേരളാ സ്റ്റേറ്റ് ഫിംഗര്‍പ്രിന്‍റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടറാണ് ശൈലജ.  1997 ല്‍ ഫിംഗര്‍പ്രിന്‍റ് സെര്‍ച്ചര്‍ ആയി സര്‍വ്വീസില്‍ പ്രവേശിച്ച ശൈലജ കോട്ടയം, ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലെ ഫിംഗര്‍പ്രിന്‍റ് ബ്യൂറോകളില്‍  ജോലി ചെയ്തു.

നിരവധി കേസന്വേഷണങ്ങളില്‍  നിര്‍ണ്ണായക തെളിവായ വിരലടയാളങ്ങള്‍ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിനെ  സഹായിച്ചത് ശൈലജയുടെ വൈദഗ്ധ്യമായിരുന്നു. കോട്ടയത്ത് ഒഡീഷ സ്വദേശികള്‍ കൊല്ലപ്പെട്ട കേസന്വേഷണത്തില്‍ വിരലടയാളം പ്രധാന തെളിവായി മാറിയതാണ് അവയില്‍ ഏറെ പ്രധാനം. ശൈലജ വിശകലനം ചെയ്ത വിരലടയാളങ്ങള്‍ തെളിവായി സ്വീകരിച്ച് അസ്സം സ്വദേശിയായ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു.

തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജില്‍ സംഘടിപ്പിച്ച ഔദ്യോഗിക യാത്രയയപ്പ് ചടങ്ങില്‍ പൊലീസ് ആസ്ഥാനത്തെ എ ഡി.ജി പി കെ പത്മകുമാര്‍ കെ ആര്‍ ശൈലജയ്ക്ക് ഉപഹാരം സമ്മാനിച്ചു. പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണ്‍, ഫിംഗര്‍പ്രിന്‍റ് ബ്യൂറോ ഡയറക്ടര്‍ വി നിഗാര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

Read more:  കഴിഞ്ഞ തവണ യുഡിഎഫ് നേടിയതിലും ഭൂരിപക്ഷം, കനലാട് വാർഡ് തിരിച്ചുപിടിച്ച് എൽഡിഎഫ്

അതേസമയം, സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസിൽ നിന്ന് ഇന്ന് പടിയിറങ്ങുന്നത് 11,801 പേര. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നാണ് കൂടുതൽ പേര്‍ വിരമിക്കുന്നത്. ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതിൽ പകുതിയിലേറെ പേരാണ് സര്‍ക്കാർ സര്‍വ്വീസിൽ നിന്ന് ഒരുമിച്ച് ഇറങ്ങുന്നത്. സ്കൂൾ പ്രവേശനം മുന്നിൽ കണ്ട് മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഇത്രയധികം പേരുടെ കൂട്ടവിരമിക്കലുണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios