ലോകത്ത് ആദ്യം, കേരളത്തിന് അഭിമാനം; 935 ഗ്രാം മാത്രം ഭാരമുള്ള കുഞ്ഞിന് അത്യപൂർവ ഹൃദയ ശസ്ത്രക്രിയ വിജയകരം

ശ്വാസകോശത്തിലേക്ക് രക്തം കൊണ്ടുപോകുന്ന പൾമണറി ആർട്ടറി ഇല്ലാതെയാണ് കുഞ്ഞ് ജനിച്ചത്. ഇത്രയും ഭാരം കുറഞ്ഞ കുഞ്ഞിൽ ഇതുവരെ വിജയകരമായി ശസ്ത്രക്രിയ നടത്തിയിട്ടില്ല.

first time in the world and prod for kerala baby with 935 grams of weight underwent rarest cardiac surgery

കൊച്ചി: ലോകമെമ്പാടും തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ വൈദ്യശാസ്ത്ര മേഖലയില്‍ പുതിയ ചരിത്രം കുറിച്ച ഹൃദ്രോഗ ചികിത്സയിലൂടെ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്കു തിരികയെത്തി. കേവലം 935 ഗ്രാം ഭാരവുമായി പിറന്ന, തൃശൂര്‍ കാഞ്ഞാണി സ്വദേശികളായ നീതുവിന്‍റെയും, ജസ്റ്റിന്‍റെയും മകളായ അയ മേരി ജസ്റ്റിന്‍ എന്ന കുഞ്ഞിനാണ്  എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സയിലുടെ  പുതുജീവന്‍ ലഭിച്ചത്.

ടെട്രോളജി ഓഫ് ഫാലോ വിത്ത് പള്‍മണറി അട്രീഷ്യ (Tetrology of Fallot with Pulmonary Atresia​​​) എന്ന ഗുരുതരമായ ഹൃദ്രോഗവുമായാണ് കുഞ്ഞ് ജനിച്ചത്. ഹ്യദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം കൊണ്ടുപോകുന്ന പള്‍മണറി ആര്‍ട്ടറി കുഞ്ഞിന് ജന്മനാ തന്നെ ഇല്ലായിരുന്നു. അതുമൂലം ശരീരത്തിലെ രക്ത ശുദ്ധീകരണത്തിന് തടസം നേരിട്ടതിനാലാണ് കുഞ്ഞ് ഗുരുതരാവസ്ഥയിലായത്. അത് പരിഹരിക്കുന്നതിനായി അയോര്‍ട്ടയും ശ്വാസകോശവുമായി ബന്ധിപ്പിക്കുന്ന രക്തധമനി സ്റ്റെന്‍റ് ഇട്ട് തുറന്നു കൊടുക്കുക എന്നതായിരുന്നു പ്രതിവിധി. 

എന്നാല്‍ ഇത്രയും ഭാരം കുറഞ്ഞ കുഞ്ഞില്‍ ലോകത്തില്‍ ആരും തന്നെ ഈ ചികിത്സാരീതി വിജയകരമായി നടത്തിയിട്ടില്ല എന്നാണ് വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആയതിനാല്‍ പ്രോസ്റ്റാഗ്ലാന്‍റിന്‍ എന്ന ഇഞ്ചക്ഷന്‍ നല്‍കി കുഞ്ഞിനെ ചികിത്സിക്കുവാന്‍ ആണ് മെഡിക്കല്‍ സംഘം തീരുമാനിച്ചത്. തുടക്കത്തില്‍ കുഞ്ഞ് ആ ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിച്ചെങ്കിലും പിന്നീട് രക്തത്തില്‍ ഓക്സിജന്‍റെ ആളവ് ക്രമാതീതമായി കുറയുകയായിരുന്നു. 

തുടര്‍ന്ന് കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി അത്യന്തം വെല്ലുവിളി നിറഞ്ഞ പി.ഡി.എ സ്റ്റെന്‍റിങ് എന്ന ചികിത്സയുമായി മുന്നോട്ട് പോകുവാന്‍ തന്നെ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. സ്റ്റെന്‍റ് ഇട്ടതിനു ശേഷം വൈകാതെ തന്നെ കുഞ്ഞിന്‍റെ രക്തത്തിലെ ഓക്സിജന്‍റെ അളവ് സാധാരണ നിലയിലായി. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം പൂര്‍ണ്ണ ആരോഗ്യത്തോടെ കുഞ്ഞ് വീട്ടിലേക്ക് മടങ്ങി. സംസ്ഥാന സര്‍ക്കാരിന്‍റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും സൗജന്യമായാണ് ഹൃദ്രോഗ ചികിത്സ നടത്തിയത്.

ലിസി ആശുപത്രിയിലെ പീഡിയാട്രിക്ക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ്.ആര്‍. അനിലിന്‍റെ നേത്യത്വത്തിലായിരുന്നു ചികിത്സ. ഡോ. ജെന്നു റോസ് ജോസ്, ഡോ.ജഗന്‍ വി. ജോസ്, ഡോ. ശ്രീശങ്കര്‍, ഡോ. ബര്‍ഷ സെന്‍, ഡോ. ശ്രീജിത്ത്, കുട്ടികളുടെ ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. സാജന്‍ കോശി എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായിരുന്നു. നവജാത ശിശുരോഗ വിഭാഗം തലവന്‍ ഡോ.ടോണി മാമ്പിള്ളി, ഡോ. ഫാത്തിമ ജഫ്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടര്‍ചികിത്സ.

ലിസി അശുപത്രിയില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്താണ് കുഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം  വീട്ടിലേക്ക് മടങ്ങിയത്. ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ജോ. ഡയറക്ടര്‍മാരയ ഫാ.റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, അസി.ഡയറക്ടര്‍മാരായ ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ്ബ് എബ്രഹാം, ചികില്‍സയ്ക്ക് നേത്യത്വം നല്‍കിയ മറ്റ് ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങിന് എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios