ആദ്യ ദളിത് ദേവസ്വം മന്ത്രി രാധാകൃഷ്ണനോ? സോഷ്യൽ മീഡിയ ചർച്ചയ്ക്ക് ആധാരം!
പുറത്തുവന്ന വിവര പ്രകാരം ദേവസ്വം, പാർലമെന്ററി കാര്യം മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചേലക്കര എംഎൽഎ കെ രാധാകൃഷ്ണൻ, ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രിയാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിലെ മന്ത്രിസ്ഥാനം തീരുമാനിച്ചതു മുതൽ തുടങ്ങിയ സർപ്രൈസുകൾ വകുപ്പ് വിഭജനത്തിലും പ്രകടമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിൽ ശൈലജ ടീച്ചർക്ക് പകരമായി ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് വീണ ജോർജിനെ ആണെന്ന വാർത്തയാണ് പ്രധാനം. സോഷ്യൽ മീഡിയ ഇത്രമേൽ ചർച്ച ചെയ്ത മന്ത്രിക്കസേര ആരോഗ്യമാണെങ്കിൽ, ദേവസ്വം വകുപ്പ് സംബന്ധിച്ച് പുറത്തുവരുന്ന വിവരമാണ് പുതിയ ചർച്ച.
പുറത്തുവന്ന വിവര പ്രകാരം ദേവസ്വം, പാർലമെന്ററി കാര്യം മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചേലക്കര എംഎൽഎ കെ രാധാകൃഷ്ണൻ, ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രിയാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ നടക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്ന് എതിരാളികളും വാദിക്കുന്നു. കേരളത്തിൽ ആദ്യമായി ദളിത് വിഭാഗത്തിൽ നിന്ന് ദേവസ്വം മന്ത്രിയായത് കോണ്‍ഗ്രസ് നേതാവും മുൻ മുൻ തൃത്താല, വണ്ടൂർ എംഎൽഎ ആയിരുന്ന വെള്ള ഈച്ചരനാണ്. 1970 -77 കാലഘട്ടത്തിൽ അച്യുതമേനോൻ മന്ത്രിസഭയിലായിരുന്നു ഇത്.
രണ്ടാമത് കെകെ ബാലകൃഷ്ണനാണ്. 1977 മാർച്ച് 25 മുതൽ 1977 ഏപ്രിൽ 25 വരെയുള്ള കെ കരുണാകരൻ മന്ത്രിസഭയിലും, 1977 മുതൽ 1978 ഒക്ടോബർ 27 വരെയുള്ള എകെ ആന്‍റണി മന്ത്രിസഭയിലുമായിരുന്നു ഇത്. ശേഷം കോൺഗ്രസ് നേതാവ് ദാമോദരൻ കളാശ്ശേരിയും 1978-ൽ മന്ത്രിയായി.
പുതിയ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ മണ്ഡലമായ ചേലക്കരയിലെ എംഎൽഎ ആയിരുന്നു ദാമോദരൻ കാളാശ്ശേരിയും. 1978ൽ പികെ വാസുദേവൻ മന്ത്രിസഭയിലായിരുന്നു ഇത്. എന്നാൽ ഇക്കാലയളവിലെല്ലാം ദേവസ്വം ഉപ വകുപ്പ് മാത്രമായിരുന്നു. 96-2001 കാലഘട്ടത്തിലാണ് സ്വതന്ത്ര ചുമതലയുള്ള വകുപ്പായി മാറ്റിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona