കേരളത്തിൽ വീണ്ടും കൊവിഡ് മരണം: പാലക്കാട് സ്വദേശിയായ 73-കാരി മരിച്ചു
ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും. മരണശേഷം അയച്ച സാംപിൾ ആണ് കൊവിഡ് പൊസീറ്റീവായത്.
പാലക്കാട്; സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് കൊവിഡ് രോഗബാധയെ തുടർന്ന് മരിച്ചത്.
73 വയസായിരുന്നു. മെയ് 25-നാണ് മീനാക്ഷി അമ്മാൾ ചെന്നൈയിൽ നിന്നും പാലക്കാട് എത്തിയത്. തുടർന്ന് ശ്രീകൃഷ്ണപുരത്തെ സഹോദരൻ്റെ വീട്ടിൽ ഹോം ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു. മെയ് 28-ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും. മരണശേഷം അയച്ച സാംപിൾ ആണ് കൊവിഡ് പൊസീറ്റീവായത്. ഇവർക്ക് നേരത്തെ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവരുടെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്നു തന്നെ നടത്തും. മീനാക്ഷി അമ്മാളിന്റെ മരണത്തോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ പതിനൊന്നായി.