പ്രവീണ്‍ റാണ നായകനായ സിനിമ സംവിധാനം ചെയ്തത് തൃശൂരിലെ എഎസ്ഐ; പൊലീസ് സേനയിൽ അടുത്ത ബന്ധം
റാണയുടെ ബിസിനസിലെ സെക്യൂരിറ്റി ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നതും മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍മാരാണ്. റാണയ്ക്കെതിരായ നീക്കങ്ങള്‍ക്ക് ഇതുവരെ തടയിട്ടത് ഇവരുടെ സ്വാധീനത്തിലെന്നാണ് ഉയരുന്ന ആക്ഷേപം.
തൃശൂർ : തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണയ്ക്ക് പൊലീസ് സേനയിലും അടുത്ത ബന്ധങ്ങള്‍. റാണ നായകനായ ചോരന്‍ സിനിമ സംവിധാനം ചെയ്തത് തൃശൂര്‍ റൂറല്‍ പൊലീസിലെ എഎസ്ഐ ആയ സാന്‍റോ തട്ടിലാണ്. റാണയുടെ ബിസിനസിലെ സെക്യൂരിറ്റി ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നതും മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍മാരാണ്. റാണയ്ക്കെതിരായ നീക്കങ്ങള്‍ക്ക് ഇതുവരെ തടയിട്ടത് ഇവരുടെ സ്വാധീനത്തിലെന്നാണ് ഉയരുന്ന ആക്ഷേപം.
പൊലീസിലെ ഉന്നത സ്വാധീനം റാണയ്ക്ക് വകചമായി നിന്നെന്ന പരാതിക്കാരുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രവീണ്‍ റാണയുടെ ഇടപാടുകളില്‍ തട്ടിപ്പുണ്ടെന്ന് ഒരു കൊല്ലം മുമ്പ് തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോട്ടുണ്ടായിരുന്നു. റാണയ്ക്കെതിരെ കൂട്ടപ്പരാതികളെത്തും വരെ പൊലീസ് അനങ്ങിയിരുന്നില്ല. അടുത്തിടെ റാണ നായകനായ ചോരന്‍ എന്ന സിനിമ പുറത്തുവന്നിരുന്നത്. അത് സംവിധാനം ചെയ്തത് തൃശൂര്‍ റൂറല്‍ എസ്പിയുടെ ഓഫീസിലെ എഎസ്ഐയായിരുന്ന സാന്‍റോ തട്ടിലെന്ന സാന്‍റോ അന്തിക്കാടായിരുന്നു. സിനിമ പുറത്തുവന്നതിന് പിന്നാലെ റൂറല്‍ പൊലീസ് ആസ്ഥാനത്തുനിന്നും സാന്‍റോയെ വലപ്പാടേക്ക് മാറ്റി. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു സ്ഥലം മാറ്റം.
തൃശ്ശൂരിലെ സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്: കമ്പനി ഉടമയ്‍ക്കെതിരെ കൂട്ടപ്പരാതികള്‍, 18 കേസ്
റാണയുടെ സ്ഥാപനങ്ങളിലും മുന്‍ പൊലീസുകാരുടെ സാന്നിധ്യമുണ്ട്. സര്‍ക്കിള്‍ ഇന്‍സ്പക്ടറായി വിരമിച്ച പ്രഭാകരന്‍, എസ്ഐ ആയിരുന്ന രാജന്‍ എന്നിവരാണ് ഇതില്‍ പ്രമുഖര്‍. വിരമിച്ച പൊലീസുകാരും റാണയ്ക്കൊപ്പം ജീവനക്കാരായുണ്ട്. വിജിലന്‍സ് ഓഫീസര്‍മാരെന്നാണ് റാണയുടെ സ്ഥാപനത്തില്‍ ഇവരുടെ സ്ഥാനം. നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കുന്നത് ഇവരായിരുന്നു. ഒപ്പം പൊലീസ് സേനയ്ക്കുള്ളില്‍ നിന്നുള്ള നീക്കങ്ങളെ പ്രതിരോധിക്കുന്നതും ഇവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഒടുവില്‍ റാണ മുങ്ങുമെന്നായപ്പോള്‍ കൂട്ടപ്പരാതിയെത്തി. കേസെടുക്കുകയല്ലാതെ പൊലീസിന് മറ്റ് വഴികളില്ലായിരുന്നു.
നാല് കൊല്ലം, തട്ടിയത് നൂറ് കോടിയിലേറെ; പ്രവീണ്‍ റാണക്കെതിരെ തൃശൂരിൽ കൂടുതൽ കേസുകൾ