മുഖ്യമന്ത്രിയായി അച്ഛൻ, മന്ത്രിയായി ഭർത്താവ്; സത്യപ്രതിജ്ഞാ ചടങ്ങിലെ അപൂർവ്വ നിമിഷം പകർത്തി വീണ
പുതുചരിത്രമെഴുതി രണ്ടാം വട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റപ്പോൾ സത്യപ്രതിജ്ഞ ചടങ്ങിൽ ചില അപൂർവ്വ നിമിഷങ്ങളുമുണ്ടായിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സാന്നിധ്യം തന്നെയായിരുന്നു.
തിരുവനന്തപുരം: പുതുചരിത്രമെഴുതി രണ്ടാം വട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റപ്പോൾ സത്യപ്രതിജ്ഞ ചടങ്ങിൽ ചില അപൂർവ്വ നിമിഷങ്ങളുമുണ്ടായിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സാന്നിധ്യം തന്നെയായിരുന്നു.
കേരള ചരിത്രത്തിലെ ആദ്യ തുടർ മുഖ്യമന്ത്രിയെന്ന ഖ്യാതിയോടെ സത്യപ്രതിജ്ഞയ്ക്ക് പിണറായി വിജയൻ നടന്നുകയറിയപ്പോൾ ഇരട്ടിമധുരമായിരുന്നു മകൾ വീണയ്ക്ക്. അച്ഛൻ മുഖ്യമന്ത്രിയായപ്പോൾ ഭർത്താവ് മുഹമ്മദ് റിയാസ് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുന്ന അപൂർവ്വ ചടങ്ങിൽ സാന്നിധ്യമാകാൻ വീണയ്ക്ക് സാധിച്ചു.
മകൾ എന്ന നിലയിലും ഭാര്യ എന്ന നിലയിലും വീണയ്ക്ക് ലഭിച്ച അപൂർവ അവസരം കേരളാ ചരിത്രത്തിൽ തന്നെ ആദ്യം. അച്ഛനും ഭർത്താവും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ മൊബൈലിൽ ആ അപൂർവ്വ നിമിഷങ്ങൾ പകർത്തുകയായിരുന്നു വീണ. തനിക്ക് ലഭിച്ച ചരിത്രപരമായ അവസരം ഒരു മൊബൈൽ കാമറയിൽ രണ്ട് ക്ലിക്കിലായി വീണ പകർത്തി.
ചരിത്രപരമായ തുടർഭരണത്തിൽ അച്ഛൻ മുഖ്യമന്ത്രിയായും, വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്ന് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ അധ്യക്ഷനായ ഭർത്താവ് മുഹമ്മദ് റിയാസ് മന്ത്രിയായും അധികാരമേൽക്കുന്ന ചടങ്ങ് വീണയ്ക്ക് വ്യക്തിപരമായി ഏറെ സന്തോഷവും അഭിമാനവും നിമിഷം തന്നെയായിരുന്നു.
ആഭ്യന്തരമടക്കമുള്ള പ്രധാന വകുപ്പുകളുടെ ചുമതലയോടെയാണ് മുഖ്യന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പൊതുമരാമത്തും ടൂറിസവുമടങ്ങുന്ന പരമപ്രധാനമായ വകുപ്പുകളോടെയാണ് മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്കെത്തുന്നത്. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ രംഗത്ത് സജീവമായിരുന്നു മുഹമ്മദ് റിയാസ്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന, റിയാസ് ബേപ്പൂർ മണ്ഡലത്തിൽ നിന്ന് 28000-ൽ പരം ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു വീണയും റിയാസും വിവാഹിതരായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona